ദോഹ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം താരമായത് ബെഹറിന്റെ സൽവ ഈദ് നാസർ. വനിതകളുടെ 400 മീറ്ററിലാണ് സാൽവ സൂപ്പർ സ്റ്റാർ ആയത്. 34 വർഷത്തിനുള്ളിലെ ഏറ്റവും മികച്ച സമയം കുറിച്ചായിരുന്നു സൽവ സ്വർണത്തിലേക്ക് ഓടിയെത്തിയത്. 48.14 സെക്കൻഡിൽ 400 മീറ്റർ ബെഹറിൻ താരം പൂർത്തിയാക്കി. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സമയം കൂടിയാണിത്. അതോടെ ലോക ചാന്പ്യൻഷിപ്പിന്റെ ഏഴാം നാൾ സൽവ തരംഗമായി.
ബെഹാമാസിന്റെ ഷൗണി മില്ലർ ഉയിബൊ ശക്തമായ വെല്ലുവിളി ഉയർത്തുമെന്നു കരുതിയെങ്കിലും 48.37 സെക്കൻഡോടെ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ഒളിന്പിക് സ്വർണ ജേതാവായ ഉയിബൊ ആയിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ലോക ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 മീറ്റർ വനിതാ വിഭാഗത്തിൽ ആദ്യ അഞ്ച് സ്ഥാനക്കാർ 50 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്യുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു.
ജിൻസണും തേജീന്ദറും നിരാശപ്പെടുത്തി
ദോഹ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗം 1500 മീറ്ററിൽ ഇന്ത്യയുടെ മലയാളി താരം ജിൻസണ് ജോണ്സണ് സെമി എത്താതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ജിൻസണ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ. 3:39.86 സെക്കൻഡിലാണ് ജിൻസണ് മത്സരം പൂർത്തിയാക്കിയത്. അവസാന ലാപ്പിലാണ് ഏഷ്യൻ ചാന്പ്യനായ ജിൻസണ് പിന്നോട്ടുപോയത്.
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ ഇന്ത്യയുടെ തേജീന്ദർപാൽ സിംഗിനും ഫൈനലിലേക്കു യോഗ്യത നേടാനായില്ല. 20.43 മീറ്റർ ദൂരത്തോടെ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും യോഗ്യതാ ഗ്രൂപ്പിൽ എട്ടാം സ്ഥാനത്ത് എത്താനേ തേജീന്ദർപാലിന് കഴിഞ്ഞുള്ളൂ. യോഗ്യതാ റൗണ്ടിൽ ആകെ 18-ാം സ്ഥാനത്തായിരുന്നു ഇന്ത്യൻ താരം. ആദ്യ ശ്രമത്തിലാണ് തേജീന്ദർപാൽ 20.43 മീറ്റർ ദൂരം കണ്ടെത്തിയത്. രണ്ടാംശ്രമം ഫൗളായി. മൂന്നാം അവസരത്തിൽ 19.55 മീറ്റർ ദൂരം മാത്രമായിരുന്നു ഷോട്ട് പായിക്കാനായത്.
കാതറിന, ഗോങ്
വനിതകളുടെ ഹെപ്റ്റാത്തലണിൽ ബ്രിട്ടന്റെ കാതറിന ജോണ്സണ് തോംപ്സണ് സ്വർണം കരസ്ഥമാക്കി. കഴിഞ്ഞ ചാന്പ്യൻഷിപ്പിലെ ജേതാവായ ബെൽജിയത്തിന്റെ നഫിസാതു തീമിനെ വെള്ളിയിലേക്ക് ഒതുക്കിയാണ് കാതറിന സ്വർണത്തിൽ മുത്തമിട്ടത്.
വനിതകളുടെ ഷോട്ട് പുട്ടിൽ ചൈനയുടെ ലിജിയാവൊ ഗോങ് (19.55 മീറ്റർ) സ്വർണം നിലനിർത്തി.