ഇതാദ്യമായല്ല, ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഉടമയായ സാവ്ജി ധോലോകിയ ലോകത്തെ ഞെട്ടിക്കുന്നത്. തന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വന്‍ ബോണസുകള്‍ നല്‍കിക്കൊണ്ടാണ് ധോലോകിയ വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്. ടാര്‍ജെറ്റ് പൂര്‍ത്തിയാക്കുന്ന അവസരങ്ങളിലും ഓരോ ആഘോഷ വേളകളിലും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് സാവ്ജി തന്റെ ജോലിക്കാര്‍ക്ക് നല്‍കാറ്. ദീപാവലി സമ്മാനമായി 400 പേര്‍ക്കു വീടുകളും 1260 പേര്‍ക്കു കാറുകളും നല്‍കിയ സാവ്ജി ഇത്തവണ പുതുവര്‍ഷ സമ്മാനമായി നല്‍കിയത് 1200 ഡാറ്റ്‌സണ്‍ റെഡിഗോ കാറുകളാണ്. മുന്‍പ് ഫിയറ്റ് കാറുകളും ഫ്‌ലാറ്റുകളും സ്വര്‍ണ്ണാഭരണങ്ങളുമൊക്കെ സാവ്ജി തൊഴിലാളികള്‍ക്കു നല്‍കിയിട്ടുണ്ട്.
അഞ്ചു വര്‍ഷത്തെ ഇഎംഐ വ്യവസ്ഥയിലാണ് കാര്‍ ജീവനക്കാര്‍ക്ക് സമ്മാനിക്കുന്നത്. വാഹനത്തിന്റെ ഡൗണ്‍പേമന്റും മാസാമാസ ഇഎംഐയും കമ്പനി തന്നെ അടയ്ക്കും. എന്നാല്‍ ജീവനക്കാരന്‍ ജോലി രാജിവെയ്ച്ചാല്‍ പിന്നെ ഇഎംഐ സ്വന്തമായി അടക്കണം എന്ന വ്യവസ്ഥയുമുണ്ട്. നിസാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സന്‍ നിരയിലെ ഏറ്റവുമധികം വില്‍പ്പനയുള്ള കാറാണ് റെഡിഗോ. 0.8 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാര്‍ 5678 ആര്‍പിഎമ്മില്‍ 53.2 ബിഎച്ച്പി കരുത്തും 4836 ആര്‍പിഎമ്മില്‍ 72 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
ആറായിരം കോടി വാര്‍ഷിക വരുമാനമുള്ള കമ്പനിയാണ് ഹരേകൃഷ്ണാ എക്‌സ്‌പോര്‍ട്ടേഴ്‌സ്. 5500ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കാണു ബോണസ് ലഭിക്കുന്നത്. നേരത്തെ സാവ്ജി മകന്‍ ദ്രവ്യയെ ജീവിതം പഠിപ്പിക്കാനായി വെറും ഏഴായിരം രൂപ മാത്രം പണം നല്‍കി കൊച്ചിയിലേക്ക് അയച്ചതും വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കഷ്ടപ്പാടും യാതനയും എന്തെന്നു മനസിലാക്കാനും സ്വന്തമായി സമ്പാദിച്ചു സ്വന്തം കാലില്‍ നില്‍ക്കുന്നത് എങ്ങനെയാണെന്നൊക്കെ തെളിയിച്ചു കാണിക്കാനുമാണ് ദ്രവ്യയ്ക്ക് അത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഒരുമാസം കൊണ്ടു നാലായിരം രൂപയായിരുന്നു അന്നു ദ്രവ്യയുടെ വരുമാനം. ഗുജറാത്തിലെ അംറേലി ജില്ലയിലെ ദുധാല ഗ്രാമത്തില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച് അഞ്ചാം ക്ലാസുവരെ പഠിച്ച ധൊലാക്കിയ കഠിന പരിശ്രമത്തിലൂടെയാണു വമ്പന്‍ സ്ഥാപനം പടുത്തുയര്‍ത്തിയത്. തന്റെ നേട്ടങ്ങള്‍ ജീവനക്കാര്‍ക്കും പങ്കുവയ്ക്കുന്നതിലൂടെയാണു ധൊലാക്കിയ പ്രശസ്തനായത്.