മഹേന്ദ്ര ജാലക്കാരനാണ് ധോണിയെന്ന് കഴിഞ്ഞ 14 വർഷമായി ഇന്ത്യക്കാരൻ കണ്ടറിഞ്ഞതാണ്. ബാറ്റിംഗിൽ ഇടയ്ക്ക് ഒന്ന് മങ്ങിയപ്പോൾപോലും വിക്കറ്റിനു പിന്നിലും കളിമെനയുന്നതിലും അവസാനവാക്കായിരുന്നു അദ്ദേഹം. ഈ വർഷത്തെ ഏകദിന ലോകകപ്പ് കഴിയുന്നതുവരെ ധോണി ഇന്ത്യൻ ടീമിലുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങൾതന്നെ നേരത്തേ സൂചിപ്പിച്ചിട്ടുമുണ്ട്.
ഉഴപ്പിനടന്നാൽപോലും സർവരെയും അത്ഭുതപ്പെടുത്തി പരീക്ഷയിൽ മുന്നിലെത്തുന്ന വിദ്യാർഥിക്കു സമാനമാണ് ഓസീസ് പര്യടനത്തിലെ ധോണിയുടെ പ്രകടനം. കാരണം, മുൻ താരമായ സുനിൽ ഗാവസ്കർ അടക്കമുള്ളവർ ധോണി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ മാസങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിരുന്നു.
അല്ലെങ്കിൽ ലോകകപ്പിൽ കളിക്കാനിറങ്ങുന്പോൾ ടീമിനെത്തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വിമർശകരുടെ പക്ഷം. ഓസീസ് പര്യടനത്തിനു മുന്‍പ് ധോണി അവസാനമായി കളിച്ചത് നവംബർ ഒന്നിനു തിരുവനന്തപുരത്തുവച്ച് വെസ്റ്റ് ഇൻഡീസിനെതിരേ നടന്ന മത്സരത്തിലാണ്. ഹോംവർക്ക് ചെയ്തില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയുമെന്നുപറയുന്നതുപോലെയായിരുന്നു ധോണിക്കെതിരായ മുൻതാരങ്ങളുടെ വിമർശനം.
രണ്ട് മാസത്തിലധികം ക്രിക്കറ്റ് മൈതാനത്തുനിന്ന് വിട്ടുനിന്നശേഷം സിഡ്നി ഏകദിനത്തിൽ ഇന്ത്യക്കൊപ്പമിറങ്ങിയ ധോണി മറുപടി നല്‍കിയത് ബാറ്റുകൊണ്ട്. ആദ്യ എകദിനത്തിൽ 51 റണ്‍സ്. അവിടംകൊണ്ടും ധോണി അവസാനിപ്പിച്ചില്ല. അഡ്ലെയ്ഡിലെ രണ്ടാം ഏകദിനത്തിൽ 55 നോട്ടൗട്ടും ഇന്നലെ മെൽബണിൽ 87 നോട്ടൗട്ടും.
മൂന്ന് ഏകദിനങ്ങളിൽനിന്നായി 64.33 ശരാശരിയിൽ 193 റണ്‍സ് ആണ് ധോണി അടിച്ചെടുത്തത്. അതിന്റെ അംഗീകാരമായി മാൻ ഓഫ് ദ സീരീസ് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ആദ്യ രണ്ട് ഏകദിനത്തിലും അഞ്ചാമനായാണ് ധോണി ഇറങ്ങിയത്, മെൽബണിൽ നാലാമനായും.
ഓം ഫിനിഷായ നമഹ എന്നാണ് ധോണിയുടെ ഇന്നിംഗ്സിനുശേഷം വിരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തത്. ധോണിയോളം ഇന്ത്യൻ ക്രിക്കറ്റിനോട് കമ്മിറ്റ്മെന്റുള്ള ആരും ഇല്ലെന്ന് വിരാട് കോഹ്ലിയും അഭിപ്രായപ്പെട്ടു.