മുംബൈ: വിക്കറ്റിനു പിന്നില്‍നിന്നും നിര്‍ദേശങ്ങള്‍ നല്‍കുന്ന മഹേന്ദ്ര സിംഗ് ധോണിയെ നീലക്കുപ്പായത്തില്‍ കാണാനാവുക ഇനി ഒരിക്കല്‍കൂടി. ഒമ്പത് വര്‍ഷം ഇന്ത്യന്‍ ടീമിനെ ഉന്നതിയിലേക്കുയര്‍ത്തിയ മഹേന്ദ്രജാലത്തിന്‍റെ അവസാന അങ്കം ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ സന്നാഹ മത്സരമാണ്. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ എ ഇന്നിറങ്ങുമ്പോള്‍ ഇയോന്‍ മോര്‍ഗന്‍റെ നായകത്വത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ധോണിക്ക് ഈ മത്സരം ഒരു പരീക്ഷണം കൂടിയാണ്. ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന പരമ്പര കഴിഞ്ഞ് 70 ദിവസത്തിനു ശേഷമാണ് ധോണി കളത്തിലിറങ്ങുന്നത്. പരിശീലനം നടത്തുകയും ജാര്‍ഖണ്ഡ് രഞ്ജി ടീമിനൊപ്പം സമയം ചെലഴിക്കുകയും ചെയ്‌തെങ്കിലും അതൊന്നും യഥാര്‍ഥ മത്സരം പോലെയാവില്ലെന്ന് മഹിക്കു നന്നായി അറിയാം. നായകനായുള്ള അവസാന മത്സരം എന്നതു കൂടിയാകുമ്പോള്‍ ക്യാപ്റ്റന്‍ കൂളിനു ജയത്തോടെയുള്ള യാത്രയയപ്പ് നല്‍കാനാവും ടീമും ശ്രമിക്കുക.
വിവാഹ തിരക്കുകള്‍ക്കു ശേഷമെത്തുന്ന യുവ്‌രാജിനും സന്നാഹ മത്സരത്തില്‍ മികവു തെളിയിക്കണം. പരിക്കു മാറി തിരിച്ചെത്തുന്ന ശിഖര്‍ ധവാനും ആശിഷ് നെഹ്‌റയ്ക്കും കായികക്ഷമത തെളിയിക്കാനുള്ള അവസരം കൂടിയാണ് രണ്ടു സന്നാഹ മത്സരങ്ങളും.