ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സിയിലേക്ക് എം.എസ്. ധോണി തിരിച്ചെത്തുന്നു. നാല്‍പ്പത്തിമൂന്നുകാരനായ ധോണി ഇന്നു ചെപ്പോക്കില്‍ നടക്കുന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കും. 2025 സീസണില്‍ ചെന്നൈയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ എല്ലാം ക്യാപ്റ്റന്‍ ധോണി ആയിരിക്കുമെന്നും സിഎസ്കെ ഔദ്യോഗികമായി അറിയിച്ചു.
2024 സീസണ് മുതല്‍ ചെന്നൈയുടെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദിനു പരിക്കേറ്റു പുറത്തായതോടെയാണ് ധോണി ഇടവേളയ്ക്കുശേഷം നായക സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. കൈമുട്ടിനു പൊട്ടലേറ്റതാണ് ഋതുരാജിന്റെ പുറത്താകലിനു കാരണം. ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ച് ഐപിഎല്‍ ട്രോഫിയും രണ്ടു ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയത്.
2023 ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയ മത്സരത്തിലാണ് എം.എസ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവസാനമായി നയിച്ചത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ 235 മത്സരങ്ങള്‍ കളിച്ചു. അതില്‍ 142 ജയം സ്വന്തമാക്കി. ഐപിഎല്ലില്‍ 235 മത്സരങ്ങള്‍ കളിച്ച ധോണി 4794 റണ്‍സും നേടിയിട്ടുണ്ട്.
അൺക്യാപ്ഡ്; ചരിത്രത്തില്‍ ആദ്യം
ഐപിഎല്‍ ചരിത്രത്തില്‍ ഒരു അണ്‍ക്യാപ്ഡ് പ്ലെയര്‍ ഏതെങ്കിലും ഒരു ടീമിനെ നയിക്കുന്നത് ഇതാദ്യമാണ്. 2025 സീസണില്‍ അണ്‍ക്യാപ്ഡ് പ്ലെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ധോണിയെ സിഎസ്കെ നിലനിര്‍ത്തിയത്. 2025 മെഗാ താര ലേലത്തിനു മുമ്പാണ് ഐപിഎല്ലില്‍ അണ്‍ക്യാപ്ഡ് നിയമം പരിഷ്കരിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാത്തതും ബിസിസിഐയുടെ കരാര്‍ ഇല്ലാത്തതുമായ ഇന്ത്യന്‍ കളിക്കാരെ അണ്‍ക്യാപ്ഡ് പട്ടികയില്‍ ഉള്‍പ്പെടുത്താം എന്നതായിരുന്നു നിയമം. 2019 ഏകദിന ലോകകപ്പിനുശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. 2020 ഓഗസ്റ്റില്‍ വിരമിക്കുകയും ചെയ്തു.