മുംബൈ: ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള നിയമം ബിസിസിഐ പരിഷ്കരിച്ചതോടെ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പായി. കോഴ വിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകള്‍ സസ്പെന്‍ഷനിലായിരുന്നു.
പുതിയ നിയമം വന്നതോടെ അടുത്ത സീസണില്‍ ഇറങ്ങുന്ന ചെന്നൈക്കും പൂനയ്ക്കും നേരത്തെ ഉണ്ടായിരുന്ന അഞ്ചു കളിക്കാരെ നിലനിര്‍ത്താം.ഇതോടെ രണ്ടു സീസണില്‍ പൂന സൂപ്പര്‍ ജയന്റ്സിനൊപ്പം കളിച്ച ധോണിക്ക് വീണ്ടും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ തിരിച്ചെത്താന്‍ സാധ്യതയേറി. ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്മാരായിരുന്നു.
ഫ്രാഞ്ചൈസികള്‍ക്ക് അഞ്ച് താരങ്ങളെ വീതം നിലനിര്‍ത്താനാണ് ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും രണ്ടു വിദേശ താരങ്ങളും ഉള്‍പ്പെടണം. ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത രണ്ടു കളിക്കാരെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തണം. താരലേലത്തിന് മുന്‍പോ, താരലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചോ കളിക്കാരെ നിലനിര്‍ത്താം.
ഇത്തവണ കളിക്കാര്‍ക്കു ശമ്പള വര്‍ധവും ഉണ്ട്. ഫ്രാഞ്ചൈസികള്‍ക്ക് അതിനായി 80 കോടി രൂപ ചെലവഴിക്കാം. കഴിഞ്ഞ സീസണില്‍ 66 കോടി രൂപയായിരുന്നു ശമ്പളത്തിനായി ചെലവഴിച്ചത്.