ന്യൂഡൽഹി: കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കമന്റേറ്ററായി ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും എത്തുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതുന്ന ഡേ നൈറ്റ് ടെസ്റ്റിലാണ് ധോണി കമന്റേറ്റർ റോളിലെത്തുന്നത്. ചരിത്രതാളുകളിൽ രേഖപ്പെടുത്തുന്ന പിങ്ക് ബോൾ ടെസ്റ്റിനെ ശ്രദ്ധേയമാക്കുന്നതിന് വൻപദ്ധതികളാണ് മത്സരത്തിന്റെ സംപ്രേക്ഷണാവശമുള്ള സ്റ്റാർ സ്പോർട്സ് ചാനൽ ഒരുക്കുന്നത്.
ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ ഇന്ത്യയുടെ മുൻ ടെസ്റ്റ് നായകന്മാരെയെല്ലാം ഗ്രൗണ്ടിലേക്ക് ക്ഷണിക്കാനാണ് നീക്കം. ഇന്ത്യൻ ടീമിനൊപ്പം മുൻ നായകൻമാർ ദേശീയ ഗാനത്തിന് അണിനിരക്കും. പിന്നീട് കമന്ററി ബോക്സിൽ അതിഥിയായെത്തുന്ന മുൻ ക്യാപ്റ്റന്മാർ അന്നത്തെ ചരിത്ര നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കും. ഈ പദ്ധതിയുടെ ഭാഗമായാണ് ധോണിയും കമന്റേറ്ററായി എത്തുന്നത്. മുൻ ക്യാപ്റ്റൻമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്ത് സ്റ്റാർ സ്പോർട് അയച്ചിട്ടുണ്ട്.
2001ൽ ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ചരിത്ര വിജയത്തിൽ പ്രധാന പങ്കുവഹിച്ച താരങ്ങളെ ആദരിക്കാനാണ് മറ്റൊരു തീരുമാനം. വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് എന്നിവരെയാകും ചടങ്ങിൽ ആദരിക്കുക.
ചടങ്ങിന്റെ ദൃശ്യങ്ങൾ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ സംപ്രേക്ഷണം ചെയ്യാനാണ് തീരുമാനം. എന്നാൽ കുംബ്ലെ, ദ്രാവിഡ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.ഇന്ത്യൻ ടീമിന്റെ മത്സര തലേന്നത്തെ പരിശീലനം ലൈവായി ടെലികാസ്റ്റ് ചെയ്യാനും സ്റ്റാർ സ്പോർട്സിനു പദ്ധതിയുണ്ട്.