ലണ്ടൻ: ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിംഗ് ധോണിയുടെ കീപ്പിംഗ് ഗ്ലൗവിൽ ആലേഖനം ചെയ്തിരിക്കുന്ന മുദ്ര നീക്കണമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ പാര സ്പെഷ്യൽ ഫോഴ്സിന്റെ പദവി മുദ്രയാണ് ധോണിയുടെ ഗ്ലൗവിൽ ഉള്ളത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിനിടെ ഗ്ലൗവിലെ ഈ ചിഹ്നം വ്യക്തമായി സ്ക്രീനീൽ കണ്ടിരുന്നു.
ഇതാണ് ഐസിസിയെ ചൊടിപ്പിച്ചത്. മുദ്ര നീക്കം ചെയ്യാൻ ധോണിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഐസിസി ജനറൽ മാനേജർ ക്ലെയർ ഫർലോംഗ് ആണ് ബിസിസിഐയ്ക്ക് കത്തയച്ചത്. ധോണിയുടെ ഗ്ലൗവും അതിലെ ചിഹ്നവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
2011ൽ ധോണിക്ക് സൈന്യം ഓണററി ലഫ്.കേണൽ പദവി നൽകിയിരുന്നു. നേരത്തെ, പുൽവാമ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് ധോണി സൈനികരുടേതുപോലത്തെ തൊപ്പികൾ നൽകിയിരുന്നു. എന്നാൽ, അന്ന് ഐസിസി എതിർപ്പുകൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല.