കോൽക്കത്ത: വിജയ് ഹസാരെ ട്രോഫിയിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി നയിച്ച ജാർഖണ്ഡിന് തകർപ്പൻ ജയം. സൗരാഷ്ട്രയെ 42 റണ്‍സിനാണ് ധോണിപ്പട തകർത്തത്. ടൂർണമെന്റിൽ ജാർഖണ്ഡിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.
ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ജാർഖണ്ഡിന് 125 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 27.3 ഓവറിൽ ടീം ഓൾ ഔട്ടാകുകയായിരുന്നു. ഇഷാൻ കൃഷ്ണൻ(40 പന്തിൽ 53), ധോണി(24 പന്തിൽ 23), ഇശാങ്ക് ജഗ്ഗി(12) എന്നിവർക്കു മാത്രമാണ് ജാർഖണ്ഡ് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്. 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കെ.ഡി. പട്ടേലാണ് ജാർഖണ്ഡിനെ തകർത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 25.1 ഓവറിൽ കേവലം 83 റണ്‍സിന് എല്ലാവരും പുറത്തായി. വരുണ്‍ ആരോണ്‍ 20 റണ്‍സ് വഴങ്ങിയും രാഹുൽ ശുക്ല 32 റണ്‍സ് വഴങ്ങിയും നാല് വിക്കറ്റ് വീഴ്ത്തി. 20 റണ്‍സെടുത്ത ഷിൽഡണ് ജാക്സനാണ് സൗരാഷ്ട്ര ടോപ് സ്കോറർ. വിക്കറ്റിനു പിന്നിൽ നാലു ക്യാച്ചുകളുമായി തിളങ്ങാനും ധോണിക്കായി.