ഐപിഎല്ലിൽനിന്നു തന്റെ വിരമിക്കൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിൽവച്ചായിരിക്കുമെന്ന് എം.എസ്. ധോണി.രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2019ൽ പൂർണമായി വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണുള്ളത്.
ചെന്നൈയുടെ മൈതാനമായ ചെപ്പോക്കിൽവച്ചായിരിക്കും തന്റെ വിരമിക്കൽ എന്നും ടീമിന്റെ ആരാധകരെ നേരിൽ കാണാമെന്നാണു പ്രതീക്ഷയെന്നും ധോണി വ്യക്തമാക്കി. ചുരുക്കത്തിൽ അടുത്ത സീസണ് ഐപിഎല്ലിലും ധോണി കളത്തിലുണ്ടാകുമെന്ന സൂചനയാണിതിലൂടെ ലഭിക്കുന്നത്.
നാൽപ്പതുകാരനായ ധോണി ഈ സീസണിൽ ബാറ്റിംഗിൽ ശോഭിച്ചില്ല. എന്നാൽ, വിക്കറ്റ് കീപ്പിംഗിലും ക്യാപ്റ്റൻസി തീരുമാനങ്ങളിലും ടൂർണമെന്റിലെ മറ്റുള്ളവരേക്കാൾ മികച്ചു നിന്നു.
കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിരുന്ന സിഎസ്കെ ഇത്തവണ പ്ലേ ഓഫിൽ ഇടംപിടിച്ച ആദ്യ ടീമായി. ധോണിയുടെ കീഴിൽ 11-ാം തവണയാണു ചെന്നൈ പ്ലേ ഓഫിൽ പ്രവേശിക്കുന്നത്.