ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻസ്ഥാനം ഒഴിഞ്ഞു. സിഎസ്കെയെ ഇനി രവീന്ദ്ര ജഡേജ നയിക്കും. 2008 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം കളിക്കുന്ന ധോണി ടീം ആരാധകരുടെ സ്വന്തം തലയായിരുന്നു. അവർ സ്നേഹത്തോടെ ‘തല’ യെന്നാണു വിളിച്ചിരുന്നത്.
2012 മുതൽ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായ ജഡേജ ചെന്നൈയുടെ മൂന്നാമത്തെ നായകനാണ്. ഐപിഎല്ലിൽ 15-ാം പതിപ്പിൽ നാളെ ആദ്യമത്സരത്തിൽ ചെന്നൈ കോൽക്കത്ത നൈറ്റ്റൈഡേഴ്സുമായി എതിരിടാനിരിക്കെയാണ് ധോണി നായകസ്ഥാനത്തിനിന്നു മാറിയത്.
ക്യാപ്റ്റൻസി ഉപേക്ഷിച്ചെങ്കിലും ധോണി ടീമിന്റെ ഭാഗമായി തുടരും. നായകസ്ഥാനം ജഡേജയ്ക്കു കൈമാറാനുള്ള തീരുമാനം ധോണിയുടേതാണെന്നു സിഎസ്കെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
2008 മുതൽ ധോണിയാണു ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചത്. ധോണിക്കു കീഴിൽ ചെന്നൈ നാല് ഐപിഎൽ കിരീടങ്ങളാണു സ്വന്തമാക്കിയിട്ടുള്ളത്.
ഇതിനു പുറമേ രണ്ട് ചാന്പ്യൻസ് ലീഗ് ട്വന്റി 20യും ധോണിയുടെ കീഴിൽ നേടി. ഐപിഎൽ ഏറ്റവും കൂടുതൽ നേടിയ രണ്ടാമത്തെ ക്യാപ്റ്റനാണ് ധോണി. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു നേരത്തേ വിരമിച്ച ധോണി ഐപിഎലിൽ തുടരുകയായിരുന്നു.
തന്റെ 41-ാം ജന്മദിനത്തിനു മാസങ്ങൾ മാത്രമുള്ള ധോണിയിൽനിന്നു വന്ന തീരുമാനത്തെ ക്രിക്കറ്റിൽനിന്നുള്ള വിരമിക്കലിനുള്ള സൂചനയാണോ നൽകുന്നതെന്ന കാര്യവും ഉയരുന്നുണ്ട്.
കൂടാതെ നായകസ്ഥാനം മറ്റൊരാൾക്കു നൽകിയതോടെ ചില മത്സരങ്ങളിൽനിന്നു മാറിനിൽക്കാനും സാധിക്കും.
റിക്കാർഡുകളിൽ ധോണി
• ഐപിഎലിൽ ഏറ്റവും കൂടുതൽ മത്സരം 220
• ഐപിഎലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ രണ്ടാമത്തെ ക്യാപ്റ്റൻ
• ഏറ്റവും കൂടുതൽ സിക്സുകളിൽ നാലാമൻ (219)
• ഫോറുകളുടെ എണ്ണത്തിൽ 15-ാമൻ (325)
• സിഎസ്കെയ്ക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയവരിൽ രണ്ടാമൻ (4746 റണ്‍സ്)
• സിഎസ്കെയ്ക്കായി ഏറ്റവും കൂടുതൽ സിക്സ് (219)
• സിഎസ്കെയ്ക്കായി മികച്ച രണ്ടാമത്തെ ബാറ്റിംഗ് ശരാശരി- 39.55