ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു റിക്കാർഡ് കൂടി സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി. ടൂർണമെന്റിൽ 200 സിക്സറുകൾ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ റിക്കാർഡ് നേട്ടം. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമാണ് ധോണി. വെസ്റ്റ്ഇൻഡീസ് താരം ക്രിസ് ഗെയിൽ, ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ല്യേഴ്സ് എന്നിവരാണ് ധോണിക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
റിക്കാർഡ് കുറിച്ചെങ്കിലും ബാഗ്ലൂരിനെതിരായ മത്സരത്തിൽ ചെന്നൈ ഒരു റണ്‍സിനു തോറ്റു. അവസാന ഓവറിൽ ജയിക്കാൻ 26 റണ്‍സ് ആവശ്യമായിരുന്ന ചെന്നൈക്കായി ധോണിക്ക് 24 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്.
84 റണ്‍സ് നേടി പുറത്താകാതെനിന്ന ധോണി ഏഴു സിക്സറുകൾ പറത്തി. ഇതിൽ ഒരു സിക്സർ 111 മീറ്റർ ദൂരെ ഗ്രാൗണ്ടിന്റെ മേൽക്കൂരയിലേക്കാണു പറന്നത്.