മുംബൈ: മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ തങ്ങൾ ഭീകരൻ എന്നാണു വിളിച്ചിരുന്നെന്ന് ബിഹാർ ടീമിൽ അദ്ദേഹത്തിനൊപ്പം കളിച്ചിരുന്ന താരം സത്യ പ്രകാശ്. സ്പോർട്സ്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് സത്യ പ്രകാശിന്റെ വെളിപ്പെടുത്തൽ. 2000ന്റെ തുടക്ക കാലത്താണ് ധോണി ബിഹാർ ടീമിൽ കളിച്ചത്.
അദ്ദേഹം 20 പന്തിൽ 40-50 റണ്‍സ് അടിച്ചിരുന്നു. ആ സമയത്ത് ഞങ്ങൾ ധോണിയെ ഭീകരൻ എന്നാണു വിളിച്ചിരുന്നത്. എന്നാൽ രാജ്യത്തിനു വേണ്ടി കളിച്ചുതുടങ്ങിയപ്പോൾ അദ്ദേഹം സമീപനത്തിൽ മാറ്റം വരുത്തുകയും ശാന്തനാകുകയും ചെയ്തു. അദ്ദേഹം മികച്ച ഒരു വിദ്യാർഥിയാണ്- സത്യ പ്രകാശ് പറയുന്നു.
ധോണിയുടെ നായകത്വത്തെയും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിലെ പ്രാവീണ്യത്തെയും സത്യ പ്രകാശ് പ്രകീർത്തിച്ചു. മുന്‍പ് ധോണി വിരളമായേ നായകന്റെ ചുമതല വഹിച്ചിരുന്നുള്ളുവെന്നും അന്ന് ഒപ്പം കളിച്ചവരിൽ ആർക്കും വലിയ നിലയിൽ എത്താൻ കഴിഞ്ഞില്ലെന്നും സത്യപ്രകാശ് പറയുന്നു.
ധോണിയുടെ ജീവചരിത്രം പറയുന്ന ബോളിവുഡ് ചിത്രം എംഎസ് ധോണി: ദി അണ്‍ടോൾഡ് സ്റ്റോറിയിൽ സത്യ പ്രകാശിന്റെ റോൾ പരാമർശിക്കുന്നുണ്ട്. ഖരഗ്പുർ റെയിൽവേ സ്റ്റേഷനിൽ ധോണിക്ക് ജോലി ലഭിക്കുന്നതിൽ സത്യ പ്രകാശ് പ്രധാന പങ്ക് വഹിച്ചിരുന്നു. നിലവിൽ ഖരഗ്പുർ പ്രീമിയർ ലീഗ് കളിക്കുകയാണ് സത്യ പ്രകാശ്.