‘ക്യാപ്റ്റൻ കൂൾ’ എന്നു പേരെടുത്ത എം.എസ്. ധോണി താൻ അത്ര കൂളല്ലെന്ന് തെളിയിച്ച നിമിഷം. ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ് തുടർന്ന് മൈതാനത്ത് അരങ്ങേറിയത്. ശാന്തത കൈവെടിഞ്ഞ് ഉഗ്രപ്രതാപിയായ ധോണി കളിക്കാർ ഇരിക്കേണ്ട ഡഗ് ഔട്ടിൽനിന്ന് മൈതാനത്തേക്കിറങ്ങി അന്പയർമാരോട് തർക്കിച്ചു.
മത്സരം നടക്കുന്പോൾ ബാറ്റിംഗ് ടീമിന്റെ ബാറ്റ്സ്മാന്മാർ ഒഴികെ മൈതാനത്തിറങ്ങരുതെന്ന നിയമം കാറ്റിൽ പറത്തിയായിരുന്നു ധോണിയുടെ ഇടപെടൽ. അതോടെ ഐപിഎൽ ചട്ടം ലെവൽ രണ്ട് പ്രകാരമുള്ള കുറ്റം ബിസിസിഐ ധോണിയുടെ മേൽ ചുമത്തി. മാച്ച് ഫീയുടെ 50 ശതമാനം പിഴശിക്ഷയും വിധിക്കപ്പെട്ടു.
സംഭവത്തിൽ ധോണിക്കെതിരേ കടുത്ത വിമർശനമാണ് ഉയർന്നത്. ധോണി ആരാധകർ അദ്ദേഹത്തെ അനുകൂലിച്ചും രംഗത്തെത്തി. ക്രിക്കറ്റ് നിരീക്ഷകർ ധോണിയുടെ നടപടി തെറ്റായിപ്പോയെന്നു പറഞ്ഞു.
ഇംഗ്ലീഷ് ക്രിക്കറ്റ് ടീം മുൻ നായകൻ മൈക്കൽ വോണ്‍, മൈക്കൽ സ്ലേറ്റർ തുടങ്ങിയവർ ധോണിയെ വിമർശിച്ച് രംഗത്തെത്തി. പുറത്തായതിനുശേഷം പിച്ചിലേക്കെത്താൻ എതിർ ടീം നായകന് യാതൊരു അവകാശവുമില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പറഞ്ഞു.
മാച്ച് ഫീയുടെ 50 ശതമാനം പിഴ ലഭിച്ചെന്നത് ധോണിക്ക് കുട്ടിക്കളിയാണെന്ന് ബിഷൻ സിംഗ് ബേദി പരിഹസിച്ചു.
സംഭവം ഇങ്ങനെ
രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിംഗ് ഐപിഎൽ ട്വന്റി-20 പോരാട്ടത്തിന്റെ അവസാന ഓവർ. രാജസ്ഥാൻ റോയൽസ് നേടിയ ഏഴിന് 151 എന്ന സ്കോർ പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 എന്ന നിലയിൽ. ആറ് പന്തിൽ ജയിക്കാൻ വേണ്ടിയത് 18 റണ്‍സ്. ആദ്യ പന്തിൽ രവീന്ദ്ര ജഡേജ ബാലൻസ് തെറ്റിവീണ് ഒരു സിക്സർ പറത്തി. ബെൻ സ്റ്റോക്സ് എറിഞ്ഞ ആ ഓവറിലെ മൂന്നാം പന്തിൽ ധോണി (43 പന്തിൽ 58 റണ്‍സ്) ബൗൾഡ്. നാലാം പന്ത് നേരിടാൻ ക്രീസിലെത്തിയ സാന്റ്നറുടെ അരയ്ക്കൊപ്പം ഫുൾടോസ് ആണ് സ്റ്റോക്സ് എറിഞ്ഞത്.
ബാറ്റ്സ്മാന്റെ അരയ്ക്കു മുകളിൽ അല്ലാത്തതിനാൽ പന്ത് സാങ്കേതികമായി നോ ബോൾ ആയിരുന്നില്ല. ഫീൽഡ് അന്പയർ ഉൽഹാസ് ഗാന്ധെ നോ ബോൾ സിഗ്നൽ കാണിച്ചെങ്കിലും പിന്നീട് ലെഗ് അന്പയറുടെ നിർദേശപ്രകാരം അത് പിൻവലിച്ചു.
ക്രീസിലുണ്ടായിരുന്ന ജഡേജ ഇക്കാര്യത്തെക്കുറിച്ച് അന്പയറുമായി സംസാരിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഡഗ് ഒൗട്ടിൽ നിന്ന് പിച്ചിനടുത്തേക്ക് എത്തിയ ധോണി അന്പയറോട് വിരൽചൂണ്ടി സംസാരിച്ചു. ഫീൽഡ് അന്പയർ നോബോൾ വിളിച്ചെന്ന വാദവുമായി ധോണി വാഗ്വാദത്തിലേർപ്പെട്ടു.
ബെൻ സ്റ്റോക്സുമായും ധോണി സംസാരിക്കുന്നതു കാണാമായിരുന്നു. ബൗണ്ടറി ലൈനിൽ നിന്ന് തന്നെ ദേഷ്യം പ്രകടിപ്പിച്ചായിരുന്നു ധോണി വന്നത്. അന്പയറുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിലും അവസാന പന്തിൽ സിക്സർ അടിച്ച് സാന്റ്നർ ചെന്നൈക്ക് നാല് വിക്കറ്റ് ജയം സമ്മാനിച്ചു.
അന്പയറും കൊള്ളാം!
ഫീൽഡ് അന്പയർ നോബോൾ വിളിക്കുന്നത് റീപ്ലേയിൽ വ്യക്തമാണ്. നോബോൾ സിഗ്നൽ കാണിച്ച് വശത്തേക്ക് നടക്കുന്ന ഉൽഹാസ് ഗാന്ധെയുടെ പിന്നീടുള്ള ശരീരഭാഷ താനൊന്നും അറിഞ്ഞില്ലെന്ന മട്ടിലായിരുന്നു. ലൈൻ അന്പയർ ഉൽഹാസിനോട് അക്കാര്യത്തെക്കുറിച്ച് ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
നാല് വിക്കറ്റ് നഷ്ടത്തിൽ 24 റണ്‍സ് എന്ന നിലയിൽനിന്ന് അന്പാട്ടി റായുഡുവിനെ (47 പന്തിൽ 57 റണ്‍സ്) കൂട്ടുപിടിച്ച് ജയത്തിന്റെ വക്കോളമെത്തിച്ച കഠിനപ്രയത്നം വിഫലമാകുമോയെന്ന ആശങ്കയാണ് ധോണിയെ ക്ഷുഭിതനാക്കിയത്. ധോണിയാണ് മാൻ ഓഫ് ദ മാച്ച്.