ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി സൈനിക സേവനത്തിനായി ജമ്മു കാഷ്മീരിലേക്ക്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവിയുള്ള ധോണി രണ്ടു മാസത്തെ സൈനിക സേവനത്തിന്റെ ഭാഗമായി ആർമിയുടെ കാഷ്മീർ യൂണിറ്റിനൊപ്പമാണ് ചേരുക.
106 പാരാ ബറ്റാലിയന്റെ ഭാഗമാകുന്ന ധോണി പട്രോളിംഗ്, ഗാർഡ്, ഔട്ട്പോസ്റ്റ് ചുമതലകൾ നിർവഹിക്കും. സൈനികർക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ താമസം. ജൂലൈ 31-ന് ഇവിടെയെത്തുന്ന ധോണി, ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം സൈനിക സേവനം നടത്തും. നിലവിൽ ധോണി ബംഗളുരുവിലെ ബറ്റാലിയൻ ആസ്ഥാനത്ത് പരിശീലനത്തിലാണ്. എന്നാൽ, ധോണിയെ റെജിമെന്റിന്റെ ഓപ്പറേഷനുകളിൽ പങ്കാളിയാക്കില്ല.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്നു രണ്ടു മാസം അവധിയെടുത്ത ധോണിക്കു പാരച്യൂട്ട് റെജിമെന്റിൽ പരിശീലനം നടത്താൻ ഇന്ത്യൻ ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് അനുമതി നൽകിയിരുന്നു. 2011-ലാണ് ധോണിക്കു ലെഫ്റ്റനന്റ് കേണൽ പദവി നൽകി രാജ്യം ആദരിച്ചത്.
സൈനിക സേവനം ലക്ഷ്യമിട്ട് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നു ധോണി പിൻമാറിയിരുന്നു. പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണു രണ്ടു മാസത്തേക്കു മത്സരങ്ങളിൽനിന്നു വിട്ടുനിൽക്കാനുള്ള തീരുമാനം ധോണി പരസ്യമാക്കിയത്.
നടൻ മോഹൻലാൽ, ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, മുൻ ക്രിക്കറ്റ് താരം കപിൽദേവ് എന്നിവർക്കും സൈന്യം ഓണററി ലഫ്. കേണൽ പദവി നൽകിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഇന്ത്യൻ എയർഫോഴ്സിലെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റനാണ്.