മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20യിലെ മോശം പ്രകടനത്തിന്റെ പേരിൽ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്മണ്. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ പുതുമുഖങ്ങളെ തേടേണ്ട സമയം അതിക്രമിച്ചെന്നായിരുന്നു ലക്ഷ്മണിന്റെ പരാമർശം.
ട്വന്റി 20 ക്രിക്കറ്റിൽ ധോണിയുടെ റോൾ നാലാം നന്പരിലാണ്. അദ്ദേഹത്തിന് നിലയുറപ്പിക്കാൻ കൂടുതൽ സമയം വേണം. ശനിയാഴ്ച വിരാട് കോഹ്ലി ബാറ്റു ചെയ്തത് ഒരു ഉദാഹരണമാണ്. കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 160ൽ നിൽക്കുന്പോൾ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഒരു വന്പൻ സ്കോർ പിൻതുടരുന്പോൾ ഈ പ്രകടനം മതിയാവില്ല. ട്വന്റി 20 ഫോർമാറ്റിൽ ധോണി പുതുമുഖങ്ങൾക്ക് അവസരം നൽകാൻ സമയമായെന്നു തോന്നുന്നു- ലക്ഷ്മണ് പറയുന്നു. എന്നാൽ ധോണി ഏകദിനത്തിൽ ഇന്ത്യയുടെ അനിവാര്യഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ട്വന്റി 20യിൽ കിവീസ് ഉയർത്തിയ 197 റണ്‍സ് പിന്തുടർന്ന ഇന്ത്യ 9.1 ഓവറിൽ 67/4 എന്ന നിലയിൽ പതറവെയാണ് ധോണി കോഹ്ലിക്കൊപ്പം ക്രീസിൽ ഒന്നിക്കുന്നത്. കോഹ്ലിക്കു തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്താൻ കഴിഞ്ഞപ്പോൾ ധോണി റണ്‍ കണ്ടെത്താൻ ബുദ്ധിമുട്ടി. 37 പന്തിൽനിന്നു 49 റണ്‍സായിരുന്നു മത്സരത്തിൽ ധോണിയുടെ സന്പാദ്യം. ഇതിൽ ആദ്യ 16 റണ്‍സ് നേടാൻ ധോണി 18 പന്തുമെടുത്തു. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്.
മത്സരത്തിൽ ഇന്ത്യ 40 റണ്‍സിനു പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്തു നടക്കും.