മുംബൈ: നൈസായി ഒഴിവാക്കി, തേച്ച് ഒട്ടിച്ചു എന്നിങ്ങനെയെല്ലാമുള്ള ന്യൂജൻ പ്രയോഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ബിസിസിഐയിൽ (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) വ്യാഴാഴ്ച അരങ്ങേറിയത്. മിസ്റ്റർ കൂൾ എന്നു വിളിപ്പേരുള്ള എം.എസ്. ധോണിയെ 2019-2020 വാർഷിക കരാറിൽനിന്ന് ബിസിസിഐ കൂളായി ഒഴിവാക്കി. ടെസ്റ്റിൽനിന്ന് 2014ൽ വിരമിച്ച ധോണി ഏകദിനം, ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യക്കായി തുടർന്നും കളിക്കുമെന്ന ഉൗഹാപോഹങ്ങൾക്കിടെയാണ് കരാറിൽനിന്ന് ഒഴിവാക്കപ്പെട്ടത്.
ഇതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ധോണി യുഗത്തിന് അന്ത്യമായെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ ധോണിയെയും പരിഗണിക്കുമെന്ന് കഴിഞ്ഞ ആഴ്ച പരിശീലകൻ രവി ശാസ്ത്രി പറഞ്ഞതും അസ്ഥാനത്തായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ, ന്യൂസിലൻഡിനോട് പരാജയപ്പെട്ടശേഷം ധോണി ദേശീയ ജഴ്സിയിൽ കളിച്ചിട്ടില്ല.
ബിസിസിഐ കരാറിൽ കഴിഞ്ഞ സീസണിൽ എ ഗ്രേഡ് താരമായിരുന്നു ധോണി. അന്ന് എ ഗ്രേഡ് താരത്തിന് വാർഷിക പ്രതിഫലം അഞ്ച് കോടി രൂപ ആയിരുന്നു. ഇത്തവണ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് വിഭാഗത്തിലുള്ള കരാറാണ് ബിസിസിഐ കളിക്കാർക്ക് നല്കാറുള്ളത്. ഇന്ത്യയെ 2007ൽ ട്വന്റി-20 ലോകകപ്പിലും 2011ൽ ഏകദിന ലോകകപ്പിലും 2013ൽ ചാന്പ്യൻസ് ട്രോഫിയിലും കിരീടത്തിലെത്തിച്ച ഇതിഹാസ നായകനാണ് ധോണി.
അദ്ഭുതമില്ല
2019 ജൂലൈ ഒന്പതിനു നടന്ന ഏകദിന ലോകകപ്പ് സെമിക്കുശേഷം ഇന്ത്യൻ ജഴ്സി അണിയാത്ത ധോണിയെ ഒഴിവാക്കിയതിലും അദ്ഭുതമില്ല. തന്റെ ഭാവി പരിപാടികളെക്കുറിച്ച് വെളിപ്പെടുത്താനും ധോണി ഇതുവരെ തയാറായിട്ടില്ല. ഈ വരുന്ന ഐപിഎൽ സീസണിൽ ധോണി ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുന്നുണ്ട്. ഐപിഎലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ധോണിയെ ട്വന്റി-20 ലോകകപ്പിലേക്ക് പരിഗണിക്കുമെന്നാണ് മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദിന്റെയും നിലപാട്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി എത്തിയപ്പോൾ മുതൽ ധോണിയുടെ മടങ്ങി വരവ് അവസാനിച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
ആ ഒന്നര പതിറ്റാണ്ട്
2004 ഡിസംബർ 23നാണ് മഹേന്ദ്ര സിംഗ് ധോണി എന്ന റാഞ്ചി സ്വദേശി ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറിയത്. ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെ അരങ്ങേറിയ ധോണിയുടെ ഇന്ത്യൻ ക്രിക്കറ്റ് ജീവിതത്തിലെ ഒന്നര പതിറ്റാണ്ടിന് ഈ കഴിഞ്ഞ ഡിസംബർ സാക്ഷിയായി. 2005 ഡിസംബറിൽ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ ശ്രീലങ്കയ്ക്കെതിരേ ആരംഭിച്ച ടെസ്റ്റ് കരിയറിന് 2014 ഡിസംബറിൽ ഓസ്ട്രേലിയയിൽവച്ച് ധോണി ഫുൾ സ്റ്റേപ്പ് ഇട്ടിരുന്നു.
90 ടെസ്റ്റ്, 350 ഏകദിനം, 98 ട്വന്റി-20 എന്നിവയിൽനിന്നായി 17,266 രാജ്യാന്തര റണ്സ് മുപ്പത്തെട്ടുകാരനായ ധോണി സ്വന്തമാക്കിയിട്ടുണ്ട്. ധോണിയുടെ കീഴിലാണ് ഇന്ത്യ ടെസ്റ്റിൽ ഒന്നാം നന്പർ ടീം ആയത്. ഐസിസി ഏകദിന താരമായി 2008, 2009 വർഷങ്ങളിലും സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് 2011ലും ധോണി സ്വന്തമാക്കി.
കോഹ്ലി, രോഹിത്, ബുംറ എ പ്ലസ്
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി, ഉപനായകൻ രോഹിത് ശർമ, പേസ് ബൗളർ ജസ്പ്രീത് ബുംറ എന്നിവർക്കാണ് ബിസിസിഐ എ പ്ലസ് കരാർ (7 കോടി) നല്കിയിരിക്കുന്നത്. ഒക്ടോബർ 2019 മുതൽ സെപ്റ്റംബർ 2020 വരെയാണ് പുതിയ കരാർ. ആകെ 27 കളിക്കാരാണ് ബിസിസിഐയുടെ കരാർ പട്ടികയിലുള്ളത്.
ധോണിക്കൊപ്പം കരാറിൽനിന്ന് മറ്റ് മൂന്ന് താരങ്ങളും ഒഴിവാക്കപ്പെട്ടു. വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്, പേസ് ബൗളർ ഖലീൽ അഹമ്മദ്, വിരമിക്കൽ പ്രഖ്യാപിച്ച അന്പാട്ടി റായുഡു എന്നിവരാണ് കഴിഞ്ഞ വർഷം കരാറിലുണ്ടായിരുന്നതും ഇപ്പോൾ ഒഴിവാക്കപ്പെട്ടതുമായ താരങ്ങൾ.
എ കാറ്റഗറി (5 കോടി): ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ, മുഹമ്മദ് ഷാമി, ഇശാന്ത് ശർമ, കുൽദീപ് യാദവ്, ഋഷഭ് പന്ത്.
ബി കാറ്റഗറി (3 കോടി): വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ഹർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ.
സി കാറ്റഗറി (1 കോടി): കേദാർ ജാദവ്, നവ്ദീപ് സൈനി, ദീപക് ചാഹർ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഷാർദുൽ ഠാക്കൂർ, ശ്രേയസ് അയ്യർ, വാഷിംഗ്ടണ് സുന്ദർ.
എന്തുകൊണ്ട് ഇല്ല…
ബിസിസിഐ നിയമങ്ങൾ അനുസരിച്ച് ഒരു സീസണിൽ കുറഞ്ഞത് മൂന്ന് ടെസ്റ്റ്, എട്ട് ഏകദിനം എന്നിങ്ങനെ കളിച്ച താരങ്ങളെ മാത്രമേ വാർഷിക കരാറിലേക്ക് പരിഗണിക്കൂ. ട്വന്റി-20 മത്സരങ്ങളിൽ മാത്രം കളിക്കുന്ന താരങ്ങളേയും പരിഗണിക്കും. അത് താരം കുറഞ്ഞത് എത്ര ട്വന്റി-20 മത്സരങ്ങളിൽ കളിക്കണമെന്നത് ആ സീസണിൽ ഇന്ത്യ കളിച്ച മൊത്തം മത്സരങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഈ കണക്കെടുപ്പിൽ ധോണി ഉൾപ്പെടില്ല. എന്നാൽ, ഇന്ത്യക്കായി കളിക്കാൻ സാധിക്കില്ല ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കില്ല എന്ന് ഇതിനർഥമില്ല.