മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കു പത്മഭൂഷണ്‍ നൽകണമെന്ന് ശിപാർശ. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി ബിസിസിഐയാണ് ധോണിയുടെ പേര് പുരസ്കാരത്തിന് ശിപാർശ ചെയ്തത്. പത്മ പുരസ്കാരങ്ങൾക്കായി ധോണിയുടെ പേര് മാത്രമാണ് ഇത്തവണ ശിപാർശ ചെയ്തതെന്നും ബിസിസിഐ അറിയിച്ചു.
രണ്ട് ലോകകപ്പുകൾ രാജ്യത്തിന് നേടി തരുന്നതിൽ ധോണി നിർണായക പങ്ക് വഹിച്ചു. ധോണി ഉടൻ 10,000 ക്ലബിൽ അംഗമാകുമെന്നും 90 ടെസ്റ്റുകൾ കളിച്ച അദ്ദേഹത്തിനെക്കാൾ മികവുള്ള മറ്റൊരു പേര് ശിപാർശ ചെയ്യാൻ ഇല്ലെന്നും ബിസിസിഐ അറിയിച്ചു.
302 ഏകദിനങ്ങളിൽനിന്നായി 9,737 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. 90 ടെസ്റ്റുകളിൽനിന്ന് 4,876 റണ്‍സും 78 ട്വന്റി-20 മത്സരങ്ങളിൽ നിന്നു 1,212 റണ്‍സും ധോണി നേടി.
സച്ചിൻ തെണ്ടുല്‍ക്കര്‍, കപിൽ ദേവ്, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, ചന്ദു ബോർഡെ, ഡി.ബി. ഡിയോദാർ, സി.കെ.നായിഡു, ലാലാ അമർനാഥ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾക്ക് പത്മഭൂഷണ്‍ പുരസ്കാരം നേരത്തെ ലഭിച്ചിട്ടുണ്ട്.