ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ പരന്പര നഷ്ടപ്പെടുത്തിയ ഇന്ത്യൻ ടെസ്റ്റ് ടീമിന് ആശ്വാസവുമായി മുൻ നായകൻ എം.എസ്.ധോണി. പരന്പരയിൽ പരാജയപ്പെട്ടാലും കരകയറാൻ ഇന്ത്യൻ ടീമിന് കഴിവുണ്ടെന്നും 20 വിക്കറ്റ് വീഴ്ത്തുന്ന പേസ് ബൗളർമാർ ഇന്ത്യക്ക് മുതൽക്കൂട്ടാണെന്നും ധോണി പറഞ്ഞു.
ടെസ്റ്റ് മത്സരം വിജയിക്കാൻ എതിരാളികളുടെ 20 വിക്കറ്റ് വീഴ്ത്തണം. നമ്മൾ 20 വിക്കറ്റ് വീഴ്ത്തിയിരുന്നു. 20 വിക്കറ്റ് നേടാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സാധ്യത മത്സരം സമനിലയിൽ എത്തിക്കുകയെന്നതാണ്. റണ്‍സ് വിട്ടുകൊടുക്കാതിരുന്നാൽ മത്സരം സമനിലയിലെത്തിക്കാം. മൂന്നാമത്തെ സാധ്യത എന്നത് ഒരു സാധ്യതയല്ല, അത് വിജയം മാത്രമാണ്- ധോണി പറഞ്ഞു. സ്വദേശത്തോ, വിദേശത്തോ, എവിടെയായാലും എതിർ ടീമിന്റെ 20 വിക്കറ്റ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വിജയിക്കാൻ കഴിയില്ലെന്നും ധോണി കൂട്ടിച്ചേർത്തു.
20 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞാൽ ടീം വിജയത്തിന് പ്രാപ്തരായി. ഇതിനൊപ്പം ബാറ്റ്സ്മാൻമാർ റണ്‍സ് കൂടി കൂടി സ്കോർ ചെയ്തു തുടങ്ങിയാൽ ടീമിന് വിജയത്തിലേക്ക് എത്താൻ കഴിയുമെന്നും ധോണി പറഞ്ഞു.