പാലക്കാട്: ധോണി മായാപുരത്ത് വീണ്ടും കാട്ടാനയിറങ്ങി. പി ടി- 7 എന്ന ആനയാണ് ഇന്നു പുലര്‍ച്ചെ ജനവാസമേഖലയില്‍ ഇറങ്ങിയത്. വന്‍തോതില്‍ കൃഷിയും നശിപ്പിച്ചു.
കഴിഞ്ഞ ദിവസം വനപാലകരും നാട്ടുകാരും ആനയെ കാട്ടിലേക്ക് ഓടിച്ചുവിട്ടിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും കൃഷിയിടങ്ങളിലെത്തുകയായിരുന്നു.
ആനയുടെ അക്രമണത്തില്‍ ക്ഷുഭിതരായ ജനങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ചു.കഴിഞ്ഞ കുറച്ചുമാസങ്ങളായി ജനവാസമേഖലകളില്‍ തന്നെയാണ് പി ടി- 7 സഞ്ചരിക്കുന്നത്.
വയനാട്ടില്‍ നിന്നും കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ പിടിക്കാന്‍ തീരുമാനമായിട്ടുണ്ടെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയിട്ടില്ലെന്നാണ് വനംവകുപ്പ് നിലപാട്. പി ടി- 7നെ ഇടാന്‍ വയനാട്ടില്‍ കൂട് തയ്യാറായെങ്കിലും കുങ്കികളെ കൊണ്ടുവരാന്‍ അനുമതി വൈകുകയാണ്.
ഇപ്പോള്‍ മദപ്പാടിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ ആന കൂടുതല്‍ അക്രമാസക്തനാകുമെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്. ഇതു വരെ ഈ ആന എട്ടുപേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
നെല്ല് കൊയ്ത്ത് സീണണ്‍ കഴിഞ്ഞാല്‍ ആനശല്യം കുറയുമെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പ് ആനയെ പിടിക്കാനുള്ള നീക്കങ്ങളില്‍ നിന്നും പിന്നോക്കം പോകുന്നതെന്നാണ് അറിയുന്നത്. ആനയുടെ ശല്യം രൂക്ഷമായതോടെ സന്ധ്യക്കു ശേഷം പുറത്തിറങ്ങാന്‍ ഭയക്കുകയാണ് നാട്ടുകാർ.