പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഞെട്ടിയ വാര്‍ത്തകളിലൊന്നായിരുന്നു എം.എസ്. ധോണി ക്യാപ്റ്റന്‍സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാര്‍ത്ത. സ്വരം നന്നായിരിക്കുമ്പോഴെ പാട്ടു നിര്‍ത്താനുള്ള ആഗ്രഹത്തോടെയാണ് ധോണി കളമൊഴിഞ്ഞതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, രാജിക്കുമുമ്പേ നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച ജാര്‍ഖണ്ഡ് ഗുജറാത്ത് രഞ്ജി ട്രോഫി സെമിഫൈനല്‍ മല്‍സരത്തിനിടെ സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ. പ്രസാദ് നാഗ്പൂരില്‍ വച്ച് ധോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ധോണിയുടെ തീരുമാനത്തെ പുകഴ്ത്തി പ്രസാദ് രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍, പ്രസാദ് ധോണിയെ കണ്ടത് രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിക്കാനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
ചീഫ് സെലക്ടറുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം ധോണി നേരെ വിമാനം കയറിയത് ചെന്നൈയ്ക്കായിരുന്നു. ഗോഡ്ഫാദറായ എന്‍. ശ്രീനിവാസനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. ഐസിസിയില്നിന്നും ബിസിസിഐയുടെ തലപ്പത്തുനിന്നും പുറത്തായശേഷം ശ്രീനിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ റോളില്ല. രാജിവയ്ക്കണമെന്ന ബിസിസിഐയുടെ ആവശ്യം മഹി തലതൊട്ടപ്പനായ ശ്രീനിയെ ധരിപ്പിച്ചെന്നും സഹായിക്കാന്‍ തനിക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. ഇക്കാര്യം ഇരുവരും നിഷേധിച്ചിട്ടുമില്ല.
അതേസമയം, ക്യാപ്റ്റന്‍സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പരസ്യമാക്കുംമുമ്പ് സച്ചിന് തെണ്ടുല്‍ക്കറിനോട് പോലും പറഞ്ഞിരുന്നില്ലെന്നാണ് സൂചന. സാധാരണ ഇന്ത്യന്‍ താരങ്ങള്‍ വിരമിക്കുംമുമ്പ് സച്ചിനോട് അഭിപ്രായം ആരായുമായിരുന്നു. ധോണി ഈ പതിവും തെറ്റിച്ചു. അതേസമയം, ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്ലിക്കു കൈമാറാന്‍ ബിസിസിഐ സെപ്റ്റംബര്‍ മുതലേ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ സെലക്ഷന് കമ്മിറ്റിയെ നിയമിച്ചത്. 2019ലെ ലോകകപ്പിനായി ടീമിനെ ഒരുക്കാനുള്ള നടപടികള്‍ക്കാണ് അഞ്ചംഗ പാനല്‍ ശ്രദ്ധവച്ചത്. 2019ല്‍ ധോണിക്ക് 38 വയസ് കഴിയുമെന്നും അതിനുമുമ്പ് കോഹ്ലിയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും ബിസിസിഐ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.