റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ചര്‍ച്ചയായത് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ മാസ്മരിക പ്രകടനമാണ്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ ബാറ്റുകൊണ്ട് മികവു പുലര്‍ത്താനായില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ ധോണി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. കിവീസിന്റെ റോസ് ടെയ്‌ലറെ പുറത്താക്കാന്‍ ധോണി നടത്തിയ പ്രകടനമാണ് ചര്‍ച്ചാവിഷയം.
സാധാരണ സ്റ്റമ്പിംഗുകള്‍ വിക്കറ്റിന് പിന്നില്‍ നിന്നാണെങ്കില്‍ ഇത്തവണത്തേത് വിക്കറ്റിന് മുന്നില്‍ നിന്നാണ് ധോണി നടത്തിയത്. 46–ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഫൈന്‍ ലെഗിലേക്ക് ഫ്‌ളിക് ചെയ്ത റോസ് ടെയ്‌ലര്‍ റണ്‍സിനായി ഓടി. ധവാല്‍ കുല്‍ക്കര്‍ണി ബൗണ്ടറിയില്‍നിന്നു പിടിച്ചെടുത്ത പന്ത് കീപ്പറായ ധോണിയെ ലക്ഷ്യമാക്കി എറിഞ്ഞു. പന്ത് ലഭിച്ചയുടന്‍ സ്റ്റമ്പിന് എതിരായി തിരിഞ്ഞുനില്‍ക്കുകയായിരുന്ന ധോണിയുടെ ഏറ് സ്റ്റമ്പ് തെറിപ്പിച്ചു. ധോണിയുടെ അപ്രതീക്ഷിത ത്രോയില്‍ ബെയില്‍ തെറിക്കുമ്പോള്‍ റോസ് ടെയ്‌ലറിന്റെ ബാറ്റ് ക്രീസിന് പുറത്തായിരുന്നു.
സാധാരണ ബൗണ്ടറിയില്‍നിന്നുള്ള ത്രോകള്‍ സ്റ്റമ്പിന് പിന്നില്‍നിന്നാണ് കീപ്പര്‍മാര്‍ പിടിക്കുക. ശേഷം സ്റ്റമ്പ് ചെയ്യുന്നതാണ് രീതി. എന്നാല്‍ ധോണി മുന്നിലേക്ക് കയറിവന്ന് ഒന്നുതിരിഞ്ഞു നോക്കുക പോലും ചെയ്യാതെ വിക്കറ്റിലേക്ക് എറിയുകയായിരുന്നു. പുറത്താകുമ്പോള്‍ 35 റണ്‍സായിരുന്നു ടെയ്‌ലറുടെ സമ്പാദ്യം. കൂടാതെ, ന്യൂസിലന്‍ഡിന്റെ രണ്ട് ക്യാച്ചും ധോണി കൈപ്പിടിയില്‍ ഒതുക്കിയിരുന്നു. കിവീസ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍ ഗുപ്ടില്‍ (72), നായകന്‍ കെയ്ന്‍ വില്യംസണ്‍ (41) എന്നിവരാണ് ഇത്തരത്തില്‍ പുറത്തായത്.