ഹാമിൽട്ടൻ: സ്റ്റംപിനു പിന്നിൽ വീണ്ടും മിന്നൽ പ്രഹരവുമായി ധോണി. കീവീസ് താരം ടിം സീഫർട്ടാണ് ഇക്കുറി ധോണിക്ക് ഇരയായി മടങ്ങിയത്. കിവീസിനെതിരായ ട്വന്റി 20 പരന്പരയിലെ അവസാന മത്സരത്തിലായിരുന്നു ധോണിയുടെ പ്രകടനം.
ന്യൂസീലൻഡ് ഇന്നിംഗ്സിലെ എട്ടാം ഓവർ എറിഞ്ഞ കുൽദീപ് യാദവിന്റെ പന്തിലാണ് സീഫർട്ട് പുറത്താകുന്നത്. ഓവറിലെ മൂന്നാം പന്ത് പ്രതിരോധിച്ച സീഫർട്ടിനു പിഴച്ചു. പന്ത് ധോണിയുടെ കൈകളിൽ. നിമിഷനേരത്തിൽ ധോണി സ്റ്റംപിളക്കി. സീഫർട്ടിന്റെ കാൽപ്പാദം ലൈനിന് തൊട്ടരികിലായിരുന്നു എന്ന് റീപ്ലേയിൽ വ്യക്തമായി. മൂന്നാം അന്പയറിനുപോലും തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ സീഫർട്ട് പുറത്ത് എന്നതായിരുന്നു അന്പയറുടെ വിധി.
25 പന്തിൽനിന്ന് 43 റണ്‍സുമായി സീഫർട്ട് മടങ്ങി. ഇന്ത്യയുടെ ആദ്യ വിക്കറ്റായിരുന്നു ഇത്. 0.099 സെക്കൻഡുകൾ മാത്രമാണ് സ്റ്റംപിംഗിനായി ധോണിക്ക് വേണ്ടിവന്നത്.