മുംബൈ: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യൻ ടീം പുറപ്പെടുന്നതിനു മുന്പ് തന്നെ ഒരു ചോദ്യമുയർന്നിരുന്നു. ഇന്ത്യയെ ടെസ്റ്റ്, ഏകദിന ലോക റാങ്കിൽ ഒന്നാമതെത്തിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എം.എസ്. ധോണി ലോകകപ്പിനുശേഷം വിരമിക്കുമോ…? 2014 ഡിസംബർ 30ന് ടെസ്റ്റിൽനിന്ന് വിരമിച്ച ധോണി നിലവിൽ ഏകദിനം, ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യക്കായി കളിക്കുന്നത്.
ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ റാഞ്ചി ഏകദിനം വിശേഷിപ്പിക്കപ്പെട്ടത് ധോണി സ്വന്തം നാട്ടിൽകളിക്കുന്ന അവസാന മത്സരം എന്നായിരുന്നു. ഇതിഹാസ താരമായ സച്ചിൻ തെണ്ടുൽക്കർ 2011 ലോകകപ്പിനു പിന്നാലെ വിരമിച്ചതിനു സമാനമായ വഴികളിലൂടെയാണ് ഇപ്പോൾ ധോണിയും സഞ്ചരിക്കുന്നത്.
പന്ത്രണ്ടാം ഏകദിന ലോകകപ്പിനിടയ്ക്കുതന്നെ ധോണിയുടെ വിരമിക്കൽ സംബന്ധിച്ച ചില സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, വിരമിക്കൽ സംബന്ധിച്ച് ധോണി ഇതുവരെ സഹതാരങ്ങളുമായോ ടീം മാനേജ്മെന്റുമായോ സെലക്ടർമാരുമായോ സംസാരിച്ചിട്ടില്ലെന്നതാണ് സൂചന.
വിൻഡീസ് പര്യടനം
ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം ഓഗസ്റ്റ് മൂന്ന് മുതൽ സെപ്റ്റംബർ നാല് വരെ നടക്കാനിരിക്കേയാണ് ധോണിയുടെ സാന്നിധ്യത്തെക്കുറിച്ച് വീണ്ടും ചർച്ചയാകുന്നത്. നാളെകഴിഞ്ഞ് (വെള്ളിയാഴ്ച) വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. ധോണി വിൻഡീസ് പര്യടനത്തിനുണ്ടാകുമോ എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിൽ ധോണിയുടെ പ്രകടനത്തെക്കുറിച്ച് വിവിധ ചർച്ചകൾ അരങ്ങേറി. ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ധോണിയുടെ മെല്ലപ്പോക്ക് ബാറ്റിംഗ് നയം സച്ചിൻ തെണ്ടുൽക്കർപോലും ചോദ്യം ചെയ്തിരുന്നു. ധോണിയുടെ ആക്രമണ ബാറ്റിംഗിന് മൂർച്ചനശിച്ചതു സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്പോൾ ധോണിയിൽ ടീമിനു വിശ്വാസമുണ്ടെന്നായിരുന്നു ക്യാപ്റ്റൻ വിരാട് കോഹ്ലി മറുപടി നല്കുന്നത്.
വിൻഡീസ് പര്യടനത്തിനുള്ള സംഘത്തെ പ്രഖ്യാപിക്കുന്പോൾ ചിലർക്ക് വിശ്രമം നല്കാൻ സാധ്യതയുണ്ട്. രോഹിത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി തുടങ്ങിയവർക്കുള്ള അധികഭാരം സെലക്ടർമാർ പരിഗണിച്ചേക്കാൻ സാധ്യതയുണ്ട്. ലോകകപ്പിനിടെ പരിക്കേറ്റ ശിഖർ ധവാൻ, വിജയ് ശങ്കർ എന്നിവരുടെ ഫിറ്റ്നസും പരിശോധിച്ചേക്കും. ഇരുവരും ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണിപ്പോൾ.
പ്രഥമ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം വിൻഡീസിനെതിരേയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരേ കളിക്കുക. പരന്പരയിൽ മൂന്ന് ട്വന്റി-20യും മൂന്ന് ഏകദിനവും ഉണ്ട്. തുടർന്ന് നാട്ടിൽതിരിച്ചെത്തുന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി മൂന്ന് ടെസ്റ്റും മൂന്ന് ട്വന്റി-20യും കളിക്കും.