ന്യൂഡൽഹി: 2019ലെ ഇംഗ്ലണ്ട് ലോകകപ്പ് വരെ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. പരിക്കും മറ്റു പ്രതിസന്ധികളും നിയന്ത്രണത്തിലുള്ള കാര്യമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത ലോകകപ്പ് കളിക്കാൻ താൻ സന്നദ്ധനാണെന്നും ഡൽഹിയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവേ ധോണി പറഞ്ഞു.
അടുത്ത ഏകദിന ലോകകപ്പിൽ കളിക്കുമോയെന്ന് 100 ശതമാനം ഉറപ്പുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. നൂറു ശതമാനമെന്ന് പറയാനാകില്ല. കാരണം മറ്റൊന്നുമല്ല. രണ്ടു വർഷമെന്നത് ദീർഘകാലമാണ്. ഇതിനിടെ വലിയ മാറ്റങ്ങൾ സംഭവിക്കാം.
പ്രത്യേകിച്ച് ഇന്ത്യൻ ടീമിന്റെ ബുദ്ധിമുട്ടേറിയ സമയക്രമമാണ്. അവസാനം നിങ്ങളൊരു “വിന്റേജ് കാർ’ ആയി മാറും. വളരെയധികം പരിചരണം ആവശ്യമായി വരും. എന്നാൽ 2019ലും ഇതേ ആരോഗ്യം നിലനിർത്താനായാൽ തനിക്ക് ലോകകപ്പ് കളിക്കാനാകുമെന്നും ധോണി പറഞ്ഞു.
ഈ വർഷമാദ്യം ഇന്ത്യൻ ടീമിന്റെ പരിമിത ഓവറിൽ ക്രിക്കറ്റിലെ നായക പദവി ധോണി ഒഴിഞ്ഞിരുന്നു. പിന്നീടു ഐപിഎൽ ടീം പൂണെയുടെ നായക സ്ഥാനം നഷ്ടപ്പെട്ട ശേഷം വിജയ് ഹസാര ട്രോഫിയിൽ ജാർഖണ്ഡിനെ നയിച്ച ധോണി ടീമിനെ സെമിയിൽ എത്തിച്ചിരുന്നു.