മുംബൈ: എം.എസ്. ധോണിയും ശിഖർ ധവാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് എന്തെന്ന ചോദ്യവുമായി ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. ഇവരെ ആഭ്യന്തര ക്രിക്കറ്റിൽനിന്ന് മാറിനിൽക്കാൻ അനുവദിക്കുന്ന ബിസിസിഐക്കെതിരേയും ഗാവസ്കർ വിമർശനമുന്നയിച്ചു.
ഇന്ത്യൻ ടീമിന്റെ പ്രകടനം മികച്ചതാകണമെങ്കിൽ കളിക്കാർ ഫോം നിലനിർത്തേണ്ടതുണ്ട്. അതിനായി അവർ മത്സരങ്ങൾക്ക് ഇറങ്ങേണ്ടതുണ്ട്. ലോകകപ്പ് ലക്ഷ്യംവച്ച് നീങ്ങേണ്ട സമയമാണിത് – ഗാവസ്കർ പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട ധവാൻ മെൽബണിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പര നവംബർ ഒന്നിന് അവസാനിച്ചശേഷം ധോണി ഇതുവരെ മത്സരങ്ങൾക്ക് ഇറങ്ങിയിട്ടില്ല.