ഇന്ത്യയുടെ ലോകകപ്പ് തോല്വിയോടൂ കൂടി അടുത്ത ചര്ച്ചകള് എംഎസ് ധോണി വിരമിക്കുമോയെന്നതാണ്. ധോണിയില് നിന്ന് ഇക്കാര്യത്തില് എപ്പോള് പ്രഖ്യാപനമുണ്ടാകുമെന്ന ആകാക്ഷയിലാണ് ആരാധകരടക്കം പലരും. ഇതിനിടെ ബിസിസിഐ പ്രതിനിധി ഈ വിഷയത്തില് ധോണിയുമായി സംസാരിച്ചെന്ന തരത്തില് റിപ്പോര്ട്ടുകളും ഉണ്ടായിരുന്നു. ക്യാപ്റ്റന് വിരാട് കോലിക്കോ ബിസിസിഐക്കോ ധോണിയുടെ മനസില് എന്താണുള്ളതെന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല.
എന്നാല് ധോണിയുടെ മാതാപിതാക്കള്ക്ക് ഇക്കാര്യത്തില് വ്യക്തതയുണ്ട്. ധോണി ഇനി ക്രിക്കറ്റില് തുടരേണ്ട കാര്യമില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച താന് ധോണിയുടെ വീട്ടില് പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും കേശവ് ബാനര്ജി പറഞ്ഞു.
” ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന് ധോണിയുടെ വീട്ടില് പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോണി ഇപ്പോള് തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര് പറഞ്ഞത്. എന്നാല് ഒരു വര്ഷം കൂടി ധോണി കളി തുടരണമെന്ന് ഞാന് പറഞ്ഞു. ട്വന്റി 20 ലോകകപ്പിനു ശേഷം ധോണി വിരമിക്കുന്നതായിരിക്കും നല്ലതെന്ന് ഞാന് അവരോട് പറഞ്ഞു. എന്നാല് അവര് അതിനെ എതിര്ത്തു. ആര് പിന്നെ ഈ വലിയ വീട് നോക്കുമെന്നാണ് അവര് ചോദിക്കുന്നത്. എന്നാല്, ഇത്രയും നാള് ഈ വലിയ കുടുംബത്തെ നോക്കിയ നിങ്ങള്ക്ക് ഒരു വര്ഷം കൂടി അത് തുടര്ന്നൂടേയെന്ന് ഞാന് ആവശ്യപ്പെട്ടു” – കേശവ് ബാനര്ജി വ്യക്തമാക്കി.
അതേസമയം ജൂലായ് 19-ന് വെസ്റ്റിന്ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സെലക്ടര്മാര്. ധോണി വിരമിക്കല് പ്രഖ്യാപിച്ചില്ലെങ്കില് പര്യടനത്തില് വിശ്രമം അനുവദിക്കുകയാകും സെലക്ടര്മാര് ചെയ്യുക. മാതാപിതാക്കളുടെ നിലപാട് പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില് അടക്കം ട്രോളുകളും സജീവമായിരിക്കുകയാണ്.