ചെന്നൈ: കരിയറില്‍ മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തം പേരിലെഴുതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് എം.എസ്.ധോണി. അര്ധശതകങ്ങളിലെ സെഞ്ചുറിയാണ് ഇക്കുറി ധോണിയുടെ നേട്ടം.
ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഒന്നാം ഏകദിനത്തിലാണ് ധോണി നാഴികക്കല്ലു പിന്നിട്ടത്. മത്സരത്തില്‍ 79 റണ്‍സ് നേടി ധോണി പുറത്തായി. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോര്‍മാറ്റുകളിലായി 100 അര്‍ധ ശതകം തികയ്ക്കുന്ന 14-ാമത് കളിക്കാരനും നാലാമത് ഇന്ത്യക്കാരനുമാണു ധോണി. ഏകദിനത്തില്‍ 66, ടെസ്റ്റില്‍ 33, ട്വന്റി 20യില്‍ ഒന്ന് എന്നിങ്ങനെയാണ് ധോണിയുടെ അര്‍ധശതക നേട്ടം.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ ശതകങ്ങളുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലാണ്. 164 അര്‍ധശതകങ്ങളാണ് സച്ചിന് അടിച്ചുകൂട്ടിയിട്ടുള്ളത്. ദ്രാവിഡ്(146), ഗാംഗുലി(107) എന്നിവരാണ് അര്‍ധശതകത്തില്‍ ശതകം തികച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.