നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര താലൂക്കിലെ പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ 80 കേന്ദ്രങ്ങളില്‍ ഇന്ന് വൈകുന്നേരം ഒരേ സമയം ധൂമസന്ധ്യ സംഘടിപ്പിക്കും. അന്തരീക്ഷം ശുദ്ധീകരിക്കാനും പകർച്ച വ്യാധികൾ പ്രതിരോധിക്കുവാനും ലക്ഷ്യമിട്ട് അണുനാശക ശക്തിയുള്ള ആയുർവേദ ഔഷധക്കൂട്ട് ഉപയോഗിച്ചുള്ള പുകയ്ക്കലാണ് ധൂമസന്ധ്യ പരിപാടിയെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
പെരുങ്കടവിള ഗ്രാമ പഞ്ചായത്തിന്റെയും ആയയിൽ ആയുർവേദ ഡിസ്പെന്‍സറിയുടെയും ആയുഷ്ഗ്രാം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ധൂമസന്ധ്യയുടെ ഉദ്ഘാടനം സി. കെ. ഹരീന്ദ്രൻ എംഎൽഎ നിർവഹിക്കും.
അരുവിപ്പുറം ആയയിൽ ആയുർവേദ ഡിസ്പെന്സറിയിൽ ചേരുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ സുനിത പ്രതിരോധ ഔഷധങ്ങൾ ഏറ്റുവാങ്ങും.
സൗജന്യ മാസ്ക് വിതരണോദ്ഘാടനവും ആയുഷ്ഗ്രാം പദ്ധതി പ്രകാരം ലോക്ക് ഡൗൺ കാലത്തു പരിശീലിക്കേണ്ട ലഘുവ്യായാമങ്ങളെ കുറിച്ചുള്ള വീഡിയോയുടെ പ്രകാശനവും നടക്കും. ഡോ. വി. ജെ. സെബി, ഡോ. എ.ജെ ആനന്ദ് എന്നിവർ പങ്കെടുക്കും.