ആലങ്ങാട്: അന്യമതത്തില്പ്പെട്ടയാളുമായി പ്രണയമുണ്ടെന്നാരോപിച്ച് പിതാവ് ക്രൂരമായി മര്‍ദിക്കുകയും കളനാശിനി കുടിപ്പിക്കുകയും ചെയ്ത 14 വയസുകാരി മരിച്ചു.
കരുമാലൂര്‍ മറിയപ്പടി ഫാത്തിമ മന്‍സില്‍ ഐക്കരകുടി വീട്ടില്‍ അബീസിന്റെ മകൾ ഫാത്തിമയാണു മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ വൈകുന്നേരം നാലോടെയാണു മരിച്ചത്. അബീസിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 29ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. അന്യമതത്തില്‍പ്പെട്ട യുവാവുമായി പെൺകുട്ടിക്ക് പ്രണയമുണ്ടെന്നാരോപിച്ചു പിതാവ് അബീസ് കമ്പിവടി കൊണ്ടു മകളെ കൈയിലും കാലിലും അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചുകൊടുത്താണ് കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു.
കളനാശിനി നല്‍കിയശേഷം പെണ്‍കുട്ടി ഛര്‍ദിച്ച് അവശനിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു.
ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായതോടെ കഴിഞ്ഞദിവസം മുതല്‍ പെണ്‍കുട്ടിയുടെ ഡയാലിസിസ് ആരംഭിച്ചിരുന്നെങ്കിലും ഇന്നലെ മരണം സംഭവിച്ചു.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കടുങ്ങല്ലൂര്‍ രാജശ്രീ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണു ഫാത്തിമ. ആഷിലയാണ് അമ്മ.