സ്വന്തം ലേഖകന്‍
കോഴിക്കോട് : ഒടിടി റിലീസിനു ശേഷം മിനിട്ടുകള്‍ക്കകം ചോര്‍ന്ന ദൃശ്യം 2 വിപണിയിലും വില്പനയ്ക്ക്! വ്യാജ സിഡിക്കാരാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ദൃശ്യം 2 സിനിമയുമായി സജീവമായത്.
കോഴിക്കോട് നഗരത്തിലുള്‍പ്പെടെ സിഡി വില്പന തകൃതിയായി നടക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളും പെന്‍ഡ്രൈവും വിപണിയില്‍ തരംഗമായതിനു പിന്നാലെ സിഡി വില്‍പ്പന അപ്രത്യക്ഷമായിരുന്നു.
എന്നാല്‍, ഒടിടി റിലീസിംഗും ടെലിഗ്രാം വഴി സിനിമ ചോരുന്നതും പോലീസ് അന്വേഷണവുമെല്ലാം വ്യാജ സിഡിക്കാര്ക്ക് അനുഗ്രഹമായി.
ഇതോടെയാണ് സിഡിയില്‍ സിനിമ കോപ്പി ചെയ്തു നല്‍കികൊണ്ട് വ്യാജ സിഡി വില്‍പ്പനക്കാര്‍ രംഗത്തെത്തിയത്.
വെള്ളിയാഴ്ച രാത്രി 12ന് ശേഷം ഒടിടി റിലീസിനു പിന്നാലെ മിനിട്ടുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പ് ടെലിഗ്രാമിലെത്തിയത്. സിനിമ ചോര്‍ന്നത് ഏറെ ചര്‍ച്ചയാവുകയും വാര്‍ത്തകളിലിടം പിടിക്കുകയും ചെയ്തു.
ഇതിനു തൊട്ടുപിന്നാലെ ആന്റി പൈറസി സെല്ലും ഹൈടെക് സെല്ലും അന്വേഷിക്കുന്നുണ്ടെന്നും സംശയിക്കുന്നവരുടെ ഫോണുള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ടെന്നുമുള്ള സന്ദേശവും പുറത്തായി.
ഇതോടെ ടെലിഗ്രാം വഴി നേരിട്ട് സിനിമ ഡൗണ്‍ലോഡ് ചെയ്തവരില്‍ പലരും പോലീസ് നടപടി ഭയന്ന് മറ്റുള്ളവര്‍ക്ക് കൈമാറിയില്ല. അതിനിടെ സിനിമ സൂപ്പര്‍ ഹിറ്റാണെന്ന അഭിപ്രായവും എത്തി.
ഈ സാഹചര്യം മനസിലാക്കിയാണ് വ്യാജ സിഡി നിര്‍മാതാക്കള്‍ വീണ്ടും സജീവമായത്.
ജോര്ജൂട്ടിയേക്കാള് ബ്രില്യന്‍സ്…
മൃതദേഹം ഒളിപ്പിച്ചു വയ്ക്കാനും തെളിവുകള്‍ മായ്ക്കാനും ദൃശ്യത്തിലെ ജോര്‍ജുകുട്ടി ചെയ്യുന്നതിനേക്കാള്‍ തന്ത്രപൂര്‍വമായാണ് വിപണിയില്‍ വ്യാജ സിഡി വില്‍പ്പന നടത്തുന്നത്.
പോലീസ് അന്വേഷിച്ചാല്‍ തെളിവില്ലെന്ന ഒറ്റക്കാരണമാണ് വ്യാജ സിഡി വില്‍പ്പനക്കാരുടെ പരസ്യവാചകം.
സിഡിയില്‍ കോപ്പി ചെയ്തതായതിനാല്‍ പോലീസിന് അന്വേഷിച്ചു കണ്ടെത്താനോ പിടികൂടാനോ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
ടെലിഗ്രാംവഴി ഡൗണ്‍ലോഡ് ചെയ്താല്‍ ഐപി മേല്‍വിലാസം വഴി പോലീസിന് ആളെ തിരിച്ചറിയാനാവും.
എന്നാല്‍, ഒരു സിഡി വാങ്ങിയാല്‍ ഇത്തരത്തിലുള്ള യാതൊരു തെളിവുകളും അവശേഷിക്കില്ലെന്നാണ് ഇവരുടെ വാദം.
സിഡി ആര് വാങ്ങുന്നുവെന്നോ എത്ര കോപ്പി വിറ്റഴിച്ചുവെന്നോ എന്നതൊന്നും എവിടെയും രേഖപ്പെടുത്തുന്നില്ല.
സംഭവം പുറത്തറിഞ്ഞ് പോലീസ് എത്തിയാല്‍ തന്നെ വില്പന നടത്തുന്നവരെ മാത്രമേ പിടികൂടുകയുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കി.
100 രൂപയ്ക്കു സിഡി
കോടികള്‍ മുതല്‍ മുടക്കിയ ദൃശ്യം 2 സിനിമയ്ക്കു വിപണിയിലിട്ട വില 100.
തിയറ്ററുകളില്‍ ആണെങ്കില്‍ പോലും 150 രൂപ മുതല്‍ ടിക്കറ്റെടുത്ത് കാണേണ്ട സിനിമയാണ് തുച്ഛമായ വിലയ്ക്കു നിങ്ങളുടെ കൈകളിലെത്തുന്നതെന്ന ‘പരസ്യ വാചക’മാണ് വ്യാജ സിഡി വില്‍പ്പനക്കാരുടെ ഹൈലൈറ്റ്. മറ്റു സിഡികള്ക്കെല്ലാം 60 രൂപയാണ് വില ഈടാക്കുന്നത്.
ദൃശ്യം റിലീസിംഗ് ചിത്രമായതിനാലാണ് 40 രൂപ അധികം വാങ്ങുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആദ്യമായാണ് സൂപ്പര്‍താര ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.
വെള്ളിയാഴ്ച അര്‍ധരാത്രി 12ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
പരസ്യനിയമലംഘനം
ഒടിടി റിലീസിംഗിനായി ആമസോണ്‍ പ്രൈം ദൃശ്യം 2 വിലകൊടുത്തു വാങ്ങിയതിനാൽ വ്യാജ പതിപ്പിറങ്ങിയാലും ഇല്ലെങ്കിലും നിര്‍മാതാക്കളെ ബാധിക്കുന്നില്ലെന്നാണ് പൊതു അഭിപ്രായം.
അതേസമയം നഷ്ടക്കണക്കുകളേക്കാള് ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന നിയമലംഘനമാണ് ശ്രദ്ധിക്കേണ്ടതെന്ന് പോലീസ് പറയുന്നു.
നിയമലംഘനമാണെന്നറിഞ്ഞിട്ടും പരസ്യമായി സിഡി വില്‍പ്പന നടത്തുന്നതു ഗൗരവമേറിയ വിഷയമാണ്.
ഇതിനെതിരേ അന്വേഷണം ഊര്‍ജിതമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
അവിശ്വസനീയമെന്ന് പോലീസ്
ദൃശ്യം 2 സിനിമയുടെ വ്യാജ സിഡി വില്‍പ്പന നടത്തുന്നുവെന്നതു വിശ്വസിക്കാനാവുന്നില്ലെന്നു ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയും ഹൈടെക്ക് സെല്ലിന്റെ ചുമതലയുമുള്ള മനോജ് ഏബ്രഹാം.
സിഡി വാങ്ങിയാല്‍ത്തന്നെ അത് ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഇന്നില്ല. ഡിവിഡി പ്ലയറുകളും കംപ്യൂട്ടറിലെ സിഡി ഡ്രൈവുകളും വരെ ഇന്നു ദുര്‍ലഭമാണ്.
ഈ സാഹചര്യത്തില്‍ സിഡി വില്‍പ്പന നടത്തുന്നുവെന്നതു വിശ്വസിക്കാനാവില്ല.
സിഡി ഉപയോഗിക്കുമ്പോള്‍ പിടികൂടിയാല്‍ അത് ഏറ്റവും വലിയ തൊണ്ടി മുതലാണെന്നും അദ്ദേഹം പറഞ്ഞു.