ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണു മുന്നോടിയായി നടക്കുന്ന ദുലീപ് ട്രോഫിക്കുള്ള ടീമുകളിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഉൾപ്പെടുത്താതിൽ വിമർശനവുമായി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗാവസ്കർ.
സെപ്റ്റംബർ അഞ്ചിനു ദുലീപ് ട്രോഫിക്കു തുടക്കമാകും. 22ന് ടൂർണമെന്റ് സമാപിക്കും. ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാരായ ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, സ്പിന്നർ കുൽദീപ് യാദവ്, പേസർ മുഹമ്മദ് സിറാജ് എന്നിവരെ ഉൾപ്പെടുത്തിയാണു ടൂർണമെന്റിനുള്ള നാലു ടീമുകളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ജോലിഭാരവും പരിക്കിലെ പേടിയും കണക്കിലെടുത്ത് ജസ്പ്രീത് ബുംറയെ ടീമിലുൾപ്പെടുത്തിയിട്ടില്ല. സ്പിന്നർ രവിചന്ദ്രൻ അശ്വിനും വിശ്രമം നൽകിയിരിക്കുകയാണ്.
രോഹിത്തും കോഹ്ലിയും അവസാനമായി കളിച്ചത് ശ്രീലങ്കയ്ക്കെതിരേ നടന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരന്പരയിലാണ്. ഓഗസ്റ്റ് ഏഴിനായിരുന്നു പരന്പരയിലെ അവസാനമത്സരം. ഇവർക്ക് സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരേ നടക്കുന്ന ടെസ്റ്റ് പരന്പരയിൽ കൂടുതൽ മത്സര പരിശീലനം നടത്താതെ ഇറങ്ങേണ്ടിവരുമെന്നാണ് ഗാവസ്കർ മിഡ് ഡേയിലെ കോളത്തിൽ എഴുതിയത്.
ബുംറയെ ഒഴിവാക്കിയത് മനസിലാക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കോളത്തിൽ പറയുന്നു. രണ്ടു ടെസ്റ്റുകളാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലുള്ളത്. ആദ്യ ടെസ്റ്റ് 19ന് ചെന്നൈയിലും രണ്ടാം ടെസ്റ്റ് 27ന് കാണ്പുരിലും നടക്കും.
“ഒരു കളിക്കാരൻ ഏതൊരു കായിക ഇനത്തിലും മുപ്പതുകളുടെ മധ്യത്തിൽ എത്തിക്കഴിഞ്ഞാൽ പതിവു മത്സരങ്ങൾ ഉയർന്ന നിലവാരം നിലനിർത്താൻ സഹായിക്കും. നീണ്ട ഇടവേളയുണ്ടാകുന്പോൾ മസിലുകൾ ഒരു പരിധി വരെ ദുർബലമാകുകയും പഴയ ഉയർന്ന നിലവാരമെന്ന അവസ്ഥയിലേക്ക് എത്താൻ എളുപ്പവുമാകില്ല.’’- ഗാവസ്കർ പറയുന്നു.