പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കുറുപ്പ് പ്രേക്ഷകർക്കു മുന്നിലെത്തുന്നു. ദുൽഖർ സൽമാന്റെ ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണിത്.
ചിത്രത്തിൽ സുകുമാര കുറുപ്പായി ദുൽഖർ എത്തിയ വേറിട്ട ലുക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.
മലയാളത്തിൽനിന്നും ഒരു ബിഗ് ബജറ്റ് ചിത്രം ഒടിടി റിലീസിനെത്തുന്നത് ആദ്യമായാണ്. ദുൽഖർ സൽമാൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്നതിനൊപ്പം നിർമാതാവായും ചിത്രത്തിലുണ്ട്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. 35 കോടിയാണ് മുതൽമുടക്ക്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
കേരളത്തിനു പുറമേ അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.
105 ദിവസങ്ങൾ പൂർണമായും ഷൂട്ടിംഗിനായി ചെലവഴിച്ചു. 1980 കാലഘട്ടമാണ് ചിത്രത്തിലൂടെ പുനർസൃഷ്ടിക്കുന്നത്.
സെക്കന്റ് ഷോയ്ക്കു ശേഷംദുൽഖറിന്റെ ആദ്യചിത്രം സെക്കൻഡ് ഷോയ്ക്കു ശേഷം സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായി ഒന്നിക്കുന്ന സിനിമയാണ് ഇത്.
ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.
ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മൂത്തോൻ ഫെയിം ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സോയ ഫാക്ടർ, സോളോ, കണ്ണും കണ്ണും കൊള്ളയടിത്താൽ, വരനെ ആവശ്യമുണ്ട് തുടങ്ങിയ ദുൽഖർ ചിത്രങ്ങളും തിയറ്ററിൽ എത്തിയതിനു ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തിരുന്നു.
ദുൽഖർ നിർമിച്ച മണിയറയിലെ അശോകനും ഒടിടിയിലാണ് റിലീസ് ചെയ്തിരുന്നത്. ചിത്രം റിക്കാർഡ് തുകയ്ക്കാണ് ഒടിടിയിൽ എത്തുന്നതും.