മാന്നാർ: മഴ കുറഞ്ഞതോടെ ദുരിതാശ്വസാ ക്യാന്പുകൾ വിട്ടൊഴിയുന്ന വീട്ടുകാർ ഭവനങ്ങളിലേക്ക് മടങ്ങുന്നത് ഏറെ ആശങ്കയോടെ. മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മാത്രമായി ആറ് ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഭൂരിപക്ഷം സ്കൂളുകളിലെയും ക്യാന്പുകൾ ഇന്ന് അവസാനിക്കുകയാണ്.
കടപ്ര മഠം, മണലിൽ എന്നീ സ്കൂളുകളിൽ മാത്രമായി 200 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇതിൽ കുറെ വീട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തം വീടുകളിലേക്ക് പോയിരുന്നു. ബാക്കിയുള്ളവർ ഇന്ന് ക്യന്പുകൾ വിടും. ക്യന്പിൽ നിന്ന് വീടുകളിലേക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് ദുരിതങ്ങളുടെ ബാക്കിപത്രമാണ്. പാവുക്കര, വള്ളക്കാലി പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്.
കിണറുകൾ മുഴുവൻ ജലയപ്രളയത്തിൽ മുങ്ങിയതിനാൽ കിണറുകൾ വൃത്തിയാക്കാതെ ഈ വെള്ളം ഉപയോഗിക്കുവാൻ കഴിയില്ല. കിണറുകൾ വൃത്തിയാക്കണെങ്കിൽ ഇനി ഒരാഴ്ച കൂടി വേണ്ടി വരും. അത് വരെ ശുദ്ധജലം ലഭിക്കുവാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. ഒരോ വീട്ടുകാരുടെയും നിരവധി വിലപ്പെട്ട സാധനങ്ങൾ വെള്ളത്തിൽ ഒഴുകി പോകുകയും നശിക്കുകയും ചെയ്തിട്ടുണ്ട്.
വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ,പാഠപുസ്തകങ്ങൾ, വിലപ്പെട്ട മറ്റ് രേഖകൾ എന്നിവ നഷ്ടപ്പെട്ടവർ ഏറെ. ഇവയൊക്കെ വീണ്ടെടുക്കാവാൻ ഇനി എത്രകാലം വേണമെന്ന ആശങ്കയിലാണ് പലരും വീടുകളിലേക്ക് തിരിച്ച് എത്തുന്നത്. ക്യാന്പുകളിൽ കഴിഞ്ഞപ്പോൾ സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണവും അവശ്യവസ്തുക്കളും നൽകിയിരുന്നതിനാൽ കാര്യങ്ങൾ നടന്ന് പോയി.
എന്നാൽ വീടുകളിൽ എത്തിയപ്പോൾ ഭക്ഷ്യസാധനങ്ങൾക്ക് വരെ ദൗർലഭ്യമാണ്. സൗജന്യമായി അരി ലഭിച്ചുവെങ്കിലും ബാക്കി കാര്യങ്ങൾക്ക് ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരും. മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മാത്രമായി 2000-ഓളം കുടുംബങ്ങളാണ് പ്രളയജലത്തിന്റെ ദുരിതം പേറിയത്. ഇവരെല്ലാം തന്നെ ക്യാന്പുകളിലും മറ്റിടങ്ങളിലുമായി കഴിഞ്ഞ ശേഷം തിരികെയെത്തുന്നത് ദുരിതങ്ങൾ പേറിയാണ്.
സാന്പത്തികമായി അല്പം മുന്നോക്കം നിന്നവരെയും ദുരിതം ഏറെ ബാധിച്ചു. വലിയ വീടുകൾ വെള്ളം ഒരാഴ്ച കെട്ടിനിന്നപ്പോഴേക്കും താഴേക്ക് ഇരുന്നിട്ടുണ്ട്. വൻ തുക ചിലവഴിച്ചാൽ മാത്രമേ ഇവ വാസയോഗ്യമാക്കി മാറ്റുവാൻ കഴിയുകയുള്ളു. ചെറിയ വീടുകൾ നിരവധി തകർന്നിട്ടുണ്ട്. ഇവ വാസയോഗ്യമാക്കണമെങ്കിൽ ബന്ധപ്പെട്ട അധികൃതർ കനിയണം. പല തരത്തിലുള്ള ദുരിതങ്ങൾ മാത്രം ബാക്കി വച്ചാണ് പ്രളയജലം ഇറങ്ങിയത്.