ശ്രീനിവാസനും മക്കളും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്. ശ്രീനിവാസന്റെ ഇളയമകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. ധ്യാന്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന വാരത്ത കേട്ട നേരം മുതല്‍ ആരാണ് വധുവെന്ന് ആളുകള്‍ അന്വേഷിച്ചു തുടങ്ങിയതാണ്. ആരോ ഇതിനിടയ്ക്ക് നടി നമിതാ പ്രമോദിന്റെ പേരൊന്നു പറഞ്ഞു. അതോടെ നമിതയാണ് ധ്യാന്റെ വധുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. വാട്‌സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പറന്നു കളിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നമിതയുടെ അച്ഛന്‍ പ്രതികരിച്ചതോടെ ആ വാര്‍ത്തയുടെ ഗ്യാസു പോയി.
ധ്യാന്‍ മറ്റൊരു പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്യുന്നതെന്നും നമിതയുടെ പേര് ഇതില്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നുമായിരുന്നു നമിതയുടെ അച്ഛന്‍ പ്രമോദ് പ്രതികരിച്ചത്. മുമ്പും ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതായി നമിതയുടെ അച്ഛന്‍ പറഞ്ഞു. എന്തായാലും ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന അര്‍പിതയാണ് വധുവെന്നും ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വച്ചാണ് വിവാഹമെന്നും ഇവര്‍ പറയുന്നു. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി ഏപ്രില്‍ 10ന് എറണാകുളത്ത് വിരുന്ന് ഒരുക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.