എന്റെയൊരു സുഹൃത്തായ നടൻ ഒരു സിനിമ ചെയ്തശേഷം ബാക്കി പൈസയ്ക്കായി നിർമാതാവിനെയും പ്രൊഡക്ഷൻ കൺട്രോളറെയും നിരന്തരം വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അവർ ഇന്നു തരാം നാളെ തരാമെന്ന് പറയുന്നതല്ലാതെ കൊടുക്കുന്നില്ല. നിർമാതാവ് അവിടെ ഇല്ല. പ്രൊഡക്ഷൻ കൺട്രോളറാണ് മൊത്തം പടം നിയന്ത്രിക്കുന്നത്. കൺട്രോളർ ഒരു വിഗ് വച്ചിരുന്നു.
ഒരു ദിവസം എന്റെ സുഹൃത്ത് പ്രൊഡക്ഷൻ കൺട്രോളർ കുളിക്കാൻ കയറിയപ്പോൾ അയാൾ നിരന്തരമായി ഉപയോഗിക്കാറുള്ള വിഗ് റൂമിൽ നിന്ന് അടിച്ചുമാറ്റി. അതുമായി എന്റെ അടുത്തു വന്നിട്ട് പറഞ്ഞു. പൈസ തരാതെ വിഗ് താൻ തിരിച്ച് കൊടുക്കാൻ പോകുന്നില്ലെന്ന്. പ്രൊഡക്ഷൻ കൺട്രോളറുടെ തല കഷണ്ടിയാണ്.
എവിടെ പോകണമെങ്കിലും അയാൾ വിഗ് ഉപയോഗിക്കും. പിന്നെ ഞാൻ കാണുന്നത് പ്രൊഡക്ഷൻ കൺട്രോളർ വിഗ് തിരിച്ചുവാങ്ങാനായി എന്റെ സുഹൃത്തിനു പിന്നാലെ ഹോട്ടൽ കോറിഡോറിലൂടെ ഓടുന്നതാണ്. ഒരു ടവൽ മാത്രമെ എന്റെ സുഹൃത്ത് ഉടുത്തിട്ടുള്ളു. ടവ്വൽ പറിഞ്ഞ് പോയിട്ടും വിഗ് സംരക്ഷിക്കാൻ വേണ്ടി അവൻ ഓടുകയാണ്. ഇത് ശരിക്കും നടന്നതാണ്. കൺട്രോളറുടെ വിഗുമായി ഓടിയ എന്റെ ആ സുഹൃത്ത് അജു വർഗീസാണ് എന്ന് ധ്യാൻ ശ്രീനിവാസൻ.