പരവൂർ : സംസ്ഥാന ലഹരിവർജന മിഷൻ വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാ-താലൂക്ക് സർക്കാർ ആശുപത്രികളോട് അനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിലും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലും ലഹരി വിമോചന ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നു.
കൊല്ലം ജില്ലയിലെ ലഹരിമോചന ചികിത്സാ കേന്ദ്രത്തിന്റെ ആസ്ഥാനം പരവൂർ നെടുങ്ങോലം രാമറാവു മെമ്മേോറിയൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജി.മുരളീധരൻ നായർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.കെ.സനു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഈ കേന്ദ്രം ആരംഭിക്കുന്നതിന് അടിസ്ഥാനസൗകര്യ വികസനം, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ ഒരുക്കുന്നതിന് 23,72,600 രൂപ സർക്കാർ അനുവദിച്ച് കഴിഞ്ഞു. ഒരു കൺസൾട്ടന്റ്, സൈക്കാട്രിസ്റ്റ്, എംബിബിഎസ് ഡോക്ടർ, മൂന്ന് സ്റ്റാഫ് നഴ്സ്, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒരു സൈക്കാട്രിക് സോഷ്യൽ വർക്കർ, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരുൾപ്പെടെ 11 ജീവനക്കാരെ താത്ക്കാലികമായി നിയമിക്കും.
ഇവർക്ക് ഒരുവർഷം ഓണറേറിയം നൽകുന്നതിന് 39,49,800 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. നെടുങ്ങോലത്തെ ഈ കേന്ദ്രം ഈമാസം 20ന് മുന്പ് പ്രവർത്തനം ആരംഭിക്കും. ജില്ലയിൽ കൗൺസിലിംഗ്, ചികിത്സ എന്നിവ ആവശ്യമുള്ള ലഹരിക്ക് അടിമപ്പെട്ട എല്ലാവർക്കും കേന്ദ്രത്തിലെ ചികിത്സ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 9400022100, 9400033100 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.
എക്സൈസ് വകുപ്പുകൾ പ്രകാരം 2012-17 കാലഘട്ടത്തിൽ കൊല്ലം ജില്ലയിലടക്കം ലഹരിവസ്തുക്കളുടെ ഉപഭോഗത്തിൽ പത്ത് മടങ്ങ് വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കൊപ്പം ലഹരിമോചന ചികിത്സയും അത്യന്ത്യാപേക്ഷിതമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ലഹരിവർജന മിഷൻ-വിമുക്തിയുടെ ആഭിമുഖ്യത്തിൽ ലഹരിമോചന ചികിത്സാ കേന്ദ്രങ്ങൾ എല്ലാ ജില്ലയിലും ആരംഭിക്കുന്നത്. കൂടാതെ എറണാകുളത്തും കോഴിക്കോട്ടും കൗൺസലിംഗ് സെന്ററുകളും പ്രവർത്തിക്കും.