രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്.
ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
അമിത വിശപ്പ്, ദാഹം
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
പല തവണയായി ഭക്ഷണം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക.
ജങ്ക് ഫുഡ്,ഫാസ്ററ് ഫുഡ് എന്നിവ ഉപേക്ഷിക്കുക. പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
ഉണങ്ങാത്ത മുറിവുകൾ
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം.പ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും.
കോവിഡ്കാലത്ത്…
കോവിഡ് ബാധിച്ചു മരിച്ചവരിൽ കൂടുതൽ പേരും പ്രമേഹരോഗികളാണ് എന്നത് ശ്രദ്ധേയമാണ്. അതിനാൽ പ്രമേഹരോഗികൾ കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്തണം.
പ്രമേഹമുള്ളവർക്ക് കോവിഡ് 19 അണുബാധയുണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്റെ സങ്കീർണതകൾ വർധിക്കാൻ സാധ്യതയുണ്ട്.
പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക. ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകൾ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കുക. പനി,ചുമ, ശ്വാസോച്ച്വാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടായാൽ വൈദ്യസഹായം തേടുക.