കോവിഡ് വൈറസിനെതിരേ ഏറ്റവും ജാഗ്രത പുലര്ത്തേണ്ടവരില് ഒരു വിഭാഗമാണു പ്രമേഹബാധിതര്‍. കോവിഡ് 19 പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു അണുബാധയാണ്.
എല്ലാവിധ ശ്വാസകോശ അണുബാധകളും (അവ ബാക്ടീരിയ മൂലമാകട്ടെ, വൈറസ് മൂലമാകട്ടെ) പ്രമേഹമുള്ള വ്യക്തികളില്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് എത്തിച്ചേരാം.
എച്ച്1എൻ 1 അണുബാധയും ക്ഷയരോഗവും പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അങ്ങനെ തന്നെയാണ് കോവിഡും.
അമിതവണ്ണം അപകടം
പ്രമേഹ ബാധിതരില്‍ അമിതവണ്ണവും ദുര്‍മ്മേദസും പൊതുവേ കണ്ടുവരുന്നുണ്ട്. അമിതവണ്ണം കോവിഡ് രോഗബാധയെ സങ്കീര്‍ണമാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്.
പ്രത്യേകിച്ചും കുടവയര്‍. അമിതവണ്ണമുള്ളവരില്‍ കോശങ്ങള്‍ക്കുള്ളിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്നു. ഇതിന്റെ ഫലമായി രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ഇമ്മ്യൂണ്‍ വ്യവസ്ഥ ദുര്‍ബലമാവുകയും അണുബാധയുണ്ടാകുന്നതിന് വഴിയൊരുങ്ങുകയും ചെയ്യുന്നു.
പ്രശ്നമാകുന്ന കുടവയർ
മാത്രമല്ല, കുടവയറും അമിതവണ്ണവും സുഗമമായി ശ്വസിക്കുന്നതിനും തടസമുണ്ടാക്കും. വീര്‍ത്തിരിക്കുന്ന വയറുള്ളവരുടെ ശ്വാസകോശങ്ങളുടെ താഴെ ശരിയായി വായുസഞ്ചാരം ഉണ്ടാകില്ല. വൈറസ് ബാധിക്കുമ്പോള്‍ ശ്വാസകോശങ്ങളുടെ താഴ്ഭാഗത്ത് ന്യുമോണിയ ഉണ്ടാകാന്‍ ഇത് കാരണമായിത്തീരാം.
മാത്രമല്ല, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് രക്തത്തിലെ ഓക്സിജന്റെ അളവിനെ കുറയ്ക്കാം. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുന്നതിനെ ത്വരിതപ്പെടുത്തുകയും ചെയ്യാം.
ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കാം
കൃത്യമായ ഇടവേളകളിലുള്ള, പതിവായ രക്തപരിശോധനയിലൂടെ രക്തത്തിലെ ഗ്ലൂക്കൊസിന്റെ അളവ് നിരീക്ഷിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും പതിവായിവ്യായാമം ചെയ്യുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ഔഷധങ്ങള്‍ കഴിക്കുകയും വേണ്ടിവന്നാല്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുകയും ചെയ്യുന്നതിലൂടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിർത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
അങ്ങനെയുള്ള പ്രമേഹബാധിതര്‍ തങ്ങള്ക്ക്മറ്റുള്ളവരില് നിന്ന് അധികമായി ഉണ്ടാകാന്‍ സാധ്യതയുള്ളഅണുബാധയില് നിന്ന് വിമുക്തരായിരിക്കും.
പ്രത്യേകം ശ്രദ്ധിക്കുക
1. കോവിഡിനെ നേരിടാന്‍ പ്രമേഹബാധിതര്‍ മുന്‍കൂട്ടി തയാറെടുക്കുകയാണു വേണ്ടത്. തങ്ങളുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് അവര്‍ ശരിയായി മനസിലാക്കണം. പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറെ ഓണ്‍ലൈനിലൂടെയോ/നേരിട്ടോ ബന്ധപ്പെട്ടിട്ട് പ്രമേഹം ശരിയായി നിയന്ത്രിച്ചു നിർത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക
2. ചികിത്സിക്കുന്ന ഡോക്ടര്‍, സമീപത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍, ഒരാവശ്യം വന്നാല്‍ പെട്ടെന്ന് പോകേണ്ട ആശുപത്രി, കൊവിഡ് ഹെല്‍പ്പ് ലൈന്‍, ദിശ എന്നിവയുടെ നമ്പര്‍ എപ്പോഴും കാണാവുന്ന ഒരു സ്ഥലത്ത് എഴുതി വെയ്ക്കണം.
3. പ്രമേഹത്തിന് കഴിക്കേണ്ട മരുന്നുകള്‍ ആവശ്യാനുസരണം വാങ്ങി സൂക്ഷിക്കണം. മരുന്നുകള്‍ വാങ്ങാനായി കൂടെക്കൂടെ വീടിനു പുറത്തേക്ക് പോകുന്നത് നിര്ബന്ധമായുംഒഴിവാക്കണം.
4. വീട്ടില്‍ വച്ചുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് ഇടയ്ക്കിടെചെക്ക് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമുണ്ടെങ്കില്‍
(ഗ്ലൂക്കോമീറ്റര്‍) നന്നായിരിക്കും.
5. മാനസിക സംമ്മര്ദം ഒഴിവാക്കാന്‍ ഓരോരുത്തരും അവരവര്‍ക്ക് ഇണങ്ങുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തണം. സമാധാനത്തോടെ ഇരിക്കാന്‍ സ്വയം പരിശീലിക്കണം. ആവശ്യമെങ്കില്‍ അതിനായി പ്രൊഫഷണല്‍ കൗണ്‍സിലറെ സമീപിക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്