എല്ലാ പ്രമേഹബാധിതർക്കും സുരക്ഷയും ചികിത്സയും നല്‍കുക (Access to Diabetic Care) പ്രധാനമാണ്. പ്രമേഹസാധ്യതയുള്ളവരെ കണ്ടുപിടിക്കുകയും വേണ്ട നിർദേശങ്ങള്‍ കൊടുത്ത് പ്രമേഹം നിവാരണം ചെയ്യാന്‍ സഹായിക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്.
പ്രാരംഭ പ്രമേഹം അറിയാൻ
രോഗസാധ്യത വളരെ കൂടുതല്‍ പ്രാരംഭ പ്രമേഹം (Pre-Diabetes) ഉള്ള രോഗികള്‍ക്കാണ്. ഹീമോഗ്ലോബിന്‍ A1C (രക്ത പരിശോധന 5. 9 – 6.4%), ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് (GTT) എന്നീ പരിശോധനകള്‍ ചെയ്താല്‍ പ്രാരംഭ പ്രമേഹം ഉണ്ടോ എന്നറിയാം.
പ്രാരംഭ പ്രമേഹമുള്ള എല്ലാവരും പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകും. ഇന്ത്യയില്‍ പ്രമേഹബാധിതരില്‍ 96% വും ടൈപ്പ് 2 രോഗക്കാരാണ്. ഭൂമുഖത്തുള്ള ഏതാണ്ട് 600 ദശലക്ഷം പ്രമേഹ രോഗികളില്‍ 10 ദശലക്ഷം ഇന്ത്യയിലാണ് (2023). ചൈനയില്‍ 116 ദശലക്ഷം.
കേരളത്തില്‍ നിന്ന് ഈയിടെ പ്രസിദ്ധീകരിച്ച ഒരു കണക്ക് ഭയാനകമാണ് (ICMR). പ്രമേഹരോഗ നിരക്ക് 24.7% വും പ്രാരംഭ പ്രമേഹരോഗ നിരക്ക് 14.1% വും ആണ് (Pre-Diabet es). ഇവര്‍ക്കെല്ലാം ഭാവിയില്‍ പ്രമേഹരോഗം വരുമെന്നുള്ളതുകൊണ്ട് പ്രമേഹരോഗ നിവാരണത്തിനു വേണ്ടി ഈ ഗ്രൂപ്പില്‍ പെട്ടവർക്കു പ്രത്യേക പരിഗണന നല്കേണ്ടതു പ്രധാന മാണ്.
നിയന്ത്രണങ്ങളിലൂടെ
പ്രാരംഭ പ്രമേഹബാധിതരുടെ ഭക്ഷണം, വ്യായാമം, മുതലായവ നിയന്ത്രിച്ചാല്‍, മരുന്നുകള്‍ കൂടാതെ തന്നെ പ്രമേഹരോഗ സ്ഥിതിയിലേക്കുള്ള പ്രയാണം കുറയ്ക്കാനോ നിയന്ത്രിക്കാനോ പരിപൂര്‍ണമായി ഇല്ലാതാക്കാനോ സാധിക്കും. പ്രീഡയബറ്റിസും ടൈപ്പ് 2 ഡയബറ്റിസും ജീവിതശൈലി രോഗങ്ങളാണ്.
പ്രമേഹബാധിതരില്‍ 70%വും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങളിലാണ്. 140 കോടി ജനങ്ങള്‍ നിവസിക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 86% പ്രമേഹ രോഗികള്‍ക്കും രോഗ ചികിത്സയ്ക്കും രോഗാനന്തര ഭവിഷ്യത്തുകളുടെ ചികിത്സകള്‍ക്കും വേണ്ടി അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണിപ്പോൾ.
പ്രമേഹസാധ്യതയുണ്ടോ എന്നറിയാന്‍ താഴെപ്പറയുന്ന ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് രോഗമുണ്ടോ എന്ന പരിശോധന അത്യാവശ്യമാണ്. ദുര്‍മേദസ്, പ്രമേഹ മുള്ള കുട്ടികൾ, ഗര്‍ഭധാരണ സമയത്ത് പ്രമേഹരോഗമുണ്ടായിരുന്നവര്‍, സ്റ്റിറോയ്ഡ്, മാനസികരോഗ ഗുളികകള്‍ എന്നിവ തുടര്‍ച്ചയായി കഴിക്കുന്നവര്‍, ലൈംഗിക ഉദ്ധാരണമില്ലായ്മ ഉള്ളവര്‍, മുറിവുകള്‍ ഉണങ്ങാന്‍ താമസമുള്ളവര്‍, കൂടെക്കൂടെ സാംക്രമിക രോഗങ്ങള്‍ വരുന്നവര്‍… കൃത്യമായ ഇടവേളകളിൽ രക്ത പരിശോധനകള്‍ നടത്തി പ്രാരംഭ പ്രമേഹം (Pre-Diabetes) ഉണ്ടോ എന്ന് മനസിലാക്കിയാല്‍ സമൂഹത്തില്‍ പ്രമേഹ രോഗ നിരക്ക് കുറയ്ക്കാമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഭക്ഷണനിയന്ത്രണം, വ്യായാമം
പലരിലും ഒരു ലക്ഷണവുമില്ലാതെയും പ്രമേഹം ഉണ്ടാകാം. പിന്നെ, പ്രാരംഭ പ്രമേഹ (Pre-diabetes) രോഗികളുടെ കാര്യം പറയേണ്ടതില്ലല്ലോ. പ്രാരംഭ പ്രമേഹമുള്ളവരില്‍ തന്നെ ഭക്ഷണ നിയന്ത്രണം കൊണ്ടും വ്യായാമം കൊണ്ടും രോഗം മാറ്റാനുമാവും.
വിവരങ്ങൾ: ഡോ. കെ.പി. പൗലോസ് പ്രിൻസിപ്പൽ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, എസ് യു ടി ഹോസ്പിറ്റൽ, തിരുവനന്തപുരം