പ്രമേഹം, ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതു മുതൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ട ആരോഗ്യ പ്രശ്നമാണിത്.
രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നതിന്റെ ഭാഗമായി പ്രധാനമായി ഏറ്റവും കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള അസ്വസ്ഥത വർധിച്ച ദാഹമായിരിക്കും.
ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടി വരും. മൂത്രമൊഴിക്കാൻ പോകേണ്ടതായും വരും. കാഴ്ചയിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങും. ഇതൊടൊപ്പം ശരീരഭാരം കുറയാനും തുടങ്ങും.
ധമനികൾക്കു നാശം സംഭവിക്കുന്നു
നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നത് ധമനികളിൽ നാശം സംഭവിക്കുന്നതിനു കാരണമാകും.
അതിന്റെ ഫലമായി മർമ പ്രധാനമായ അവയവങ്ങളിൽ ആവശ്യമായ അളവിൽ രക്തം എത്തുകയില്ല. ഈ പ്രക്രിയയുടെ ഫലമായി ഭാവിയിൽ ജീവനുതന്നെഭീഷണി ആകാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.
പഞ്ചസാര നില പരിശോധിക്കണം
അതുകൊണ്ടുതന്നെ പ്രമേഹത്തിന്റെ അറിയിപ്പുകൾ ആയ അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും നേരത്തേ രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കണം. പഞ്ചസാരയുടെ നില ഉയർന്ന അവസ്ഥയിൽ ആണെങ്കിൽ എത്രയും നേരത്തേ ഡോക്ടറെ കാണുകയും വേണം.
കണ്ണുകളിൽ…
രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നു നിൽക്കുന്നത് കണ്ണുകൾക്ക് ഉള്ളിലുള്ള ധമനികളെ പ്രതികൂലമായി ബാധിക്കുന്നതാണ്. അതിന്റെ ബാക്കി പത്രമാണ് മങ്ങിയ കാഴ്ചകൾ.
കാഴ്ച മങ്ങുന്നതിന്റെ കാരണങ്ങൾ വിശകലനം ചെയ്ത് ശരിയായ രീതിയിൽ രോഗനിർണയം നടത്തുകയും ചികിത്സ ചെയ്യുകയും വേണ്ടതാണ്. രോഗനിർണയം, ചികിത്സ എന്നിവ ശരിയായ രീതിയിൽ ആയില്ല എങ്കിൽ ഭാവിയിൽ കാഴ്ച നശിച്ചുപോയി എന്നും വരാം.
പ്രമേഹം ഉള്ളവരിൽ വൃക്കരോഗങ്ങൾ, ഹൃദയധമനികളിൽ പ്രശ്നങ്ങൾ, പക്ഷാഘാതം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഉയർന്ന രക്തസമ്മർദവും മറ്റൊരു പ്രശ്നമാണ്
വിവരങ്ങൾക്കു കടപ്പാട്:ഡോ. എം. പി. മണി, തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ – 9846073393