ഇപ്പോഴത്തെ മാറിവരുന്ന ആഹാരരീതികളും ജീവിതശൈലിയും കാരണം പ്രമേഹവും അതിനു മുന്നോടിയായുള്ള പ്രീ ഡയബറ്റിക്സും കുട്ടികള് ഉള്പ്പെടെ ഏറെപ്പേരില് കണ്ടുവരുന്നു.
ആഹാരം ഒന്നും കഴിക്കാതെ എട്ടുമണിക്കൂര് ഫാസ്റ്റിംഗിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 100mg/dL നും 125 mg/dL നും ഇടയിലാണെങ്കില് പ്രീ ഡയബറ്റിക്സും 126 mg/dL നു മുകളിലാണെങ്കില് പ്രമേഹം ഉണ്ടെന്നും മനസിലാക്കാം.
ആഹാരം കഴിഞ്ഞ് രണ്ടു മണിക്കൂര് കഴിഞ്ഞുള്ള ഗ്ലൂക്കോസിന്റെ അളവ് 200 mg/dL നു മുകളിലാണെങ്കില് പ്രമേഹം സ്ഥിരീകരിക്കാം.
കൗമാരക്കാരില് പ്രീ ഡയബറ്റിക്സ് നേരത്തെ കാണുകയും 18-20 വയസാകുമ്പോള് മുതിര്ന്നവര്ക്കു വരുന്ന ടൈപ്പ് 2 പ്രമേഹം ബാധിക്കുകയും ചെയ്യും.
ഇവരില് രക്തസമ്മര്ദം, രക്തത്തിലെ കൊഴുപ്പ്, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്, കണ്ണിന്റെ റെറ്റിനോപ്പതി കാരണം അന്ധത, കാല്പാദ രോഗങ്ങള് തുടങ്ങിയവ ഉണ്ടാകുന്നു.
പ്രമേഹത്തിന്റെ ABC
A. HbA1c
പ്രമേഹത്തിന്റെ മൂന്നുമാസത്തെ ശരാശരി നിയന്ത്രണം മനസിലാക്കുന്ന പരിശോധന എല്ലാ 3-6 മാസം നടത്തി നിയന്ത്രിച്ചു നിര്ത്തണം.
B- Blood Pressure
പ്രമേഹമുള്ളവരില് രക്തസമ്മര്ദം 130നും 80നും താഴെ നിയന്ത്രിച്ചു നിര്ത്തണം.
C- കൊളസ്ട്രോള്
രക്തത്തിലെ കൊഴുപ്പിന്റെ മുഴുവന് പരിശോധന – രാത്രി ആഹാരം കഴിഞ്ഞ് 12 മണിക്കൂറിനുശേഷം ഒന്നും കഴിക്കാതെ പരിശോധിക്കണം. ഇതില് സാധാരണ കൊഴുപ്പ്- ടോട്ടല് കൊളസ്ട്രോള്, ചീത്ത കൊഴുപ്പ് (LDL), നല്ല കൊഴുപ്പ് (HDL), ട്രൈ ഗ്ലിസറൈഡ് എന്നിവയാണുള്ളത്. ഇതില് LDL 100 mg/dL ല് താഴെ നിര്ത്തണം.
ഇപ്പോഴത്തെ മാനദണ്ഡങ്ങള് അനുസരിച്ച് 25 വയസു കഴിഞ്ഞവര് വര്ഷത്തില് ഒരു പ്രാവശ്യമെങ്കിലും പ്രമേഹവും ABC ടെസ്റ്റുകളും ചെയ്തിരിക്കണം.
പ്രമേഹത്തിന്റെ ദീര്ഘകാല സങ്കീര്ണതകള് മനസിലാക്കാന് പരിശോധനകള്
രോഗനിര്ണയ സമയത്ത് കൊഴുപ്പിന്റെ മുഴുവന് പരിശോധന, നേത്ര പരിശോധന, റെറ്റിനോപ്പതി സ്ക്രീനിംഗ്, കാല്പാദ ഡോപ്ലര് അള്ട്രാ സൗണ്ട്, വൃക്ക പരിശോധന- മൂത്രത്തിലെ മൈക്രോ ആല്ബുമിന് പരിശോധന, രക്തത്തിലെ ക്രിയാറ്റിന് പരിശോധന, ബി.എം.ഐ പരിശോധന, അടിവയറിന്റെ ചുറ്റളവ് പരിശോധന, ഫാറ്റി ലിവര്, ലിവര് ഫംഗ്ഷന് ടെസ്റ്റ് എന്നിവ നടത്തണം.
കൂടാതെ പുകവലി, മദ്യപാനം, മറ്റു ലഹരി ഉപയോഗം വിലയിരുത്തല്, മാനസിക പിരിമുറുക്കം, നാഡീക്ഷമത പരിശോധന എന്നിവ നടത്തണം.
വിവരങ്ങൾ –
ഡോ. ജി. ഹരീഷ്കുമാര്
എംബിബിഎസ്, എംഡി, സീനിയർ ഫിസിഷ്യൻ, ഐഎച്ച് എം ഹോസ്പിറ്റൽ, ഭരണങ്ങാനം