കണ്ണൂർ: ഇന്ത്യയിലെ പ്രമേഹരോഗ ഗവേഷണത്തിനും ചികിത്സക്കും നേതൃത്വം നൽകുന്ന റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഡയബെറ്റിസ് ഇന്ത്യ (ആർഎസ്എസ്ഡി) സംസ്ഥാന സമ്മേളനം 17ന് കണ്ണൂരിൽ നടക്കും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഫിസിഷ്യൻ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രമേഹരോഗത്തിന്റെ തലസ്ഥാനമായി കേരളം മാറാനുള്ള സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. കുട്ടികളിലും ചെറുപ്പക്കാരിലും പ്രമേഹരോഗം കൂടി വരാനുള്ള കാരണങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
വൃക്കകൾ, കണ്ണ്, നാഡി ഞരമ്പുകൾ മറ്റ് അവയവങ്ങൾ എന്നിവയെ പ്രമേഹം ബാധിക്കുന്നതെങ്ങനെ എന്നും അതിനെ ശാസ്ത്രീയമായി എങ്ങനെ പ്രതിരോധിക്കാം എന്നും വിദഗ്ധർ വിശദീകരിക്കും. പ്രമേഹരോഗത്തിന്റെ അത്യാധുനിക ചികിത്സ രീതികളും പുതിയ കണ്ടെത്തലുകളും യോഗം വിശദമായി അപഗ്രഥിക്കും.
റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബറ്റിസ് കേരള സ്റ്റേറ്റ് ചെയർമാൻ പ്രഫ. ജി. വിജയകുമാർ, സെക്രട്ടറി ഡോ. പി. സുരേഷ് കുമാർ, മംഗലാപുരം കെ.എസ്. ഹെഗ്ഡെ മെഡിക്കൽ കോളജിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ. അഖില ഭണ്ഡാർക്കർ, എൻഡോക്രൈനോളജിസ്റ്റ് ഡോ. പ്രശാന്ത് മാപ്പ, തിരുവനന്തപുരം ജ്യോതി ദേവ് റിസർച്ച് സെന്ററിലെ പ്രമേഹരോഗ വിദഗ്ധൻ ഡോ. അരുൺ ശങ്കർ, കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ പ്രഫസറും എമർജൻസി വിഭാഗം മേധാവിയുമായ ഡോക്ടർ ചാന്ദിനി, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മെഡിസിൻ പ്രൊഫസർ ഡോ. ബാലകൃഷ്ണൻ വള്ളിയോട്, കോഴിക്കോട് മിംസ് ചീഫ് എൻഡോക്രൈനോളജിസ്റ്റ് ഡോ വിമൽ, കോഴിക്കോട് എൻഡോ ഡയബ സെന്റർ ചീഫ് ഡോ. രാജു ഗോപാൽ, പാരിപ്പള്ളി മെഡിക്കൽ കോളജ് മെഡിസിൻ പ്രൊഫസർ ഡോ. സുനിൽ പ്രശോബ്, മിംസ് കണ്ണൂർ ഫിസിഷ്യൻ ഡോ. ഹനീഫ്, നെഫ്രോളജിസ്റ്റ് ഡോ. സാരംഗ് എന്നിവർ വിവിധ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.