അനുമോൾ ജോയ്
കണ്ണൂര്‍: ആശുപത്രിയിലെത്താതെ വീടുകളില്‍ത്തന്നെ സ്വയം ചെയ്യാവുന്ന പെരിട്ടോണിയല്‍ ഡയാലിസിസ് സൗകര്യത്തോട് മുഖംതിരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വൃക്കരോഗികൾ.
കോഴിക്കോട് ജില്ലയില്‍ അഞ്ഞുറോളം രോഗികള്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നുണ്ടെങ്കിൽ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രയോജനപ്പെടുത്തിയത് എട്ടുപേര്‍ മാത്രമാണ്. കാസർഗോഡ് അഞ്ചിൽ താഴെ മാത്രമാണ്.
ഭയമാണ് പലരെയും പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നതിൽനിന്നു പിന്നോട്ടുവലിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.
നാലു മാസം മുന്‍പാണ് കണ്ണൂരും കാസർഗോഡും പെരിട്ടോണിയല്‍ ഡയാലിസിസ് തുടങ്ങിയത്. 32 മുതൽ 75 വയസ് വരെയുള്ളവരാണ് നിലവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.
കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിനായി മുന്നൂറോളം വൃക്കരോഗികളുണ്ട്. വൃക്കരോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇത് ഇനിയും വര്‍ധിക്കും.
പെരിട്ടോണിയല്‍ ഡയാലിസിസിന് തയാറായാല്‍ കൂടുതല്‍ പേര്‍ക്ക് ഡയാലിസിസ് കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. സ്വയം ഡയാലിസിസ് ചെയ്യുന്നതിനുള്ള പരിശീലനം ആശുപത്രിയില്‍നിന്ന് നല്‍കും.
ഇത്രയും സൗകര്യമുണ്ടായിട്ടും ആളുകള്‍ കൃത്യമായി ഇതു മനസിലാക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റ് ഡോ. രോഹിത് രാജിന്റെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം.
എന്താണ് പെരിട്ടോണിയൽ ഡയാലിസിസ് ?
ഉദരത്തിനുള്ളിലെ അവയവങ്ങളെ ആവരണം ചെയ്യുന്ന നേര്‍ത്ത സ്തരമാണ് പെരിട്ടോണിയം. രക്തത്തിലെ അമിതജലാംശവും ലവണങ്ങളുമെല്ലാം ആഗിരണം ചെയ്യാനും പുറന്തള്ളാനുമുള്ള ഇവയുടെ കഴിവാണ് പെരിട്ടോണിയല്‍ ഡയാലിസിസില്‍ പ്രയോജനപ്പെടുത്തുന്നത്.
ഉദരത്തില്‍ സ്ഥാപിച്ച കത്തീറ്ററിലൂടെ പെരിട്ടോണിയല്‍ കാവിറ്റിയിലേക്ക് 12 ലിറ്റര്‍ ഡയലൈസേറ്റ് എന്ന പ്രത്യേക ദ്രാവകം കടത്തിവിട്ട് 30 മിനിറ്റിനുശേഷം തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഈ സമയത്തിനിടെ പെരിട്ടോണിയല്‍ കാവിറ്റിയെ വലയം ചെയ്യുന്ന ധമനികളിലും സിരകളിലും കൂടി ഒഴുകുന്ന രക്തത്തിലെ മാലിന്യങ്ങളും അമിത ജലാംശവുമൊക്കെ ഡയലൈസേറ്റിലേക്ക് പ്രവേശിക്കും.
ഗുണങ്ങള്‍
ചെറിയ ശസ്ത്രക്രിയയിലൂടെ വയറിലെ പെരിട്ടോണിയത്തില്‍ കത്തീറ്റര്‍ സ്ഥാപിച്ച് സ്വയം ഡയാലിസിസ് ചെയ്യുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം.
ഈ രീതി തെരഞ്ഞെടുത്താല്‍ വലിയൊരു ശതമാനം വൃക്കരോഗികള്‍ക്കും ആശുപത്രിയില്‍ പോകാതെ ഡയാലിസിസ് ചെയ്യാം.
കത്തീറ്റര്‍ ശരീരത്തില്‍ സ്ഥാപിക്കാന്‍ മാത്രമാണ് ആശുപത്രിയില്‍ എത്തേണ്ടത്. നാലു മണിക്കൂറോളം കിടന്നാണ് ഡയാലിസിസ് ചെയ്യുന്നത്.
പെരിട്ടോണിയല്‍ ഡയാലിസിസില്‍ വയറ്റില്‍ ഘടിപ്പിക്കുന്ന ട്യൂബും സ്റ്റാന്‍ഡും പെരിട്ടോണിയല്‍ ഫ്ലൂയിഡ് ബാഗുമാണ് ആവശ്യം.
പത്തു മിനിറ്റ് കിടന്ന് ഫ്ലൂയിഡ് വയറ്റിലേക്ക് കയറ്റിയതിനുശേഷം ട്യൂബ് വിച്ഛേദിക്കാം. നടക്കുകയോ ഇരിക്കുകയോ വായിക്കുകയോ എന്തും ചെയ്യാം.
നാലുമണിക്കൂറിനുശേഷം വീണ്ടും ട്യൂബ് ഘടിപ്പിച്ച് ഫ്ലൂയിഡ് ബാഗിലേക്ക് മാറ്റും. ദിവസേന രണ്ടുതവണ ചെയ്യുന്നതിനാല്‍ പെരിട്ടോണിയല്‍ ഡയാലിസിസ് രക്തത്തിലെ മാലിന്യങ്ങള്‍ നന്നായി നീക്കം ചെയ്യുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും. രോഗിയുടെ ആരോഗ്യനില മെച്ചപ്പെടാന്‍ ഇതു സഹായിക്കും.