ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം. കുന്നത്തൂർ താലൂക്കിലെ വൃക്കരോഗികൾക്ക് വലിയ ആശ്വാസമായാണ് ഡയാലിസിസ് യൂണിറ്റ് തുറന്നത്.
സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്നതിന് ആയിരക്കണക്കിനു രൂപ ചിലവിടുന്ന രോഗികൾക്ക് സഹായകരമായ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലായെന്ന് രോഗികൾ ആരോപിക്കുന്നു.
ആവശ്യമായ ഉപകരണങ്ങൾ എത്തുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്തതാണ് പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തതെന്നാണ് ആക്ഷേപം. ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് പുതിയ ജനറേറ്റർ ആവശ്യമാണ് നിലവിൽ ആശുപത്രിയിലുള്ള ജനറേറ്റർ കൊണ്ട് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ആയിരക്കണക്കിന് രോഗികൾ ദിവസേനെ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിൽ ആവശ്യമായ പാരാമെഡിക്കൽ സ്റ്റാഫ് ഇല്ലാത്തതിനാൽ മരുന്നിനും മറ്റ് പരിശോധനകൾക്കുമായി മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ട സ്ഥിതിയുമുണ്ട്.
പുതിയ ജനറേറ്റർ വാങ്ങുന്നതിനും ഡയാലിസിസ് യൂണിറ്റിന്റെ തുടർ പ്രവർത്തനത്തിനുമായി ബ്ലോക്ക് പഞ്ചായത്തു ഫണ്ട് നീക്കിവച്ചിട്ടുണ്ടന്നും ആവശ്യമായ പാരാ മെഡിക്കൽ സ്റ്റാഫിനെ ഉടൻ നിയമിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി അരുണാമണി പറഞ്ഞു.