പാലോട്: ബ്രൈമൂർ മണച്ചാല ഉൾവനത്തിലെ വൈഡൂര്യ ഖനനം ആസൂത്രിതവും വനംവകുപ്പ് അധികൃതരുടെ അറിവോടുകൂടിയാണെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി ആരോപിച്ചു. നേരത്തെ ഈ പ്രദേശത്തു നടന്ന ഖനനം പുറത്ത് അറിഞ്ഞതിനെതുടർന്ന് ഉപേക്ഷിച്ചിരുന്നു.
അന്ന് പെരിങ്ങമല ആക്ഷൻ കൗൺസിലിന്റെ പരാതിയിന്മേൽ സെക്ഷൻ ഫോറസ്റ്ററെ സ്ഥലം മാറ്റുകയും വാച്ചർമാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
അന്നുമുതലാണ് വനം വിജിലൻസിന്റെ നിർദേശപ്രകാരം മണച്ചാലിൽ ക്യാമ്പ് ഷെഡ് സ്ഥാപിച്ചത്. തുടർന്ന് വർഷങ്ങൾക്കുശേഷമാണ് ഇവിടെ വീണ്ടും വൈഡൂര്യ ഖനനം നടക്കുന്നത്.
അന്വേഷണം നടക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും ഖനനലോബികളെ സഹായിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ആരോപണമുണ്ട്.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വൈകിയാൽ ജനകീയ പ്രക്ഷോഭവും നിയമ പോരാട്ടവും ഉൾപ്പെടെ നടത്തുമെന്നും പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി ഭാരവാഹികളായ ഡോ. ബി ബാലചന്ദ്രൻ, എം. നിസാർ മുഹമ്മദ് സുൽഫി, സലിം പള്ളിവിള എന്നിവർ അറിയിച്ചു.