കൃഷി ആവശ്യത്തിനോ നിർമാണത്തിനായോ മണ്ണ് നീക്കുന്പോൾ നിധി കിട്ടിയ കഥകൾ കേട്ടിട്ടുണ്ട്. ചിലത് കെട്ടുകഥകളായിരിക്കാം. അപൂർവം ചിലത് യഥാർഥ്യമാണ്. എന്നാൽ നിധിശേഖരമുണ്ടെന്ന് കരുതി അമളി പറ്റിയ സംഭവമാണ് നാഗാലാൻഡിൽ നിന്ന് വരുന്നത്.
നാഗാലാൻഡിലെ മോൺ ജില്ലയിലെ വാഞ്ചിംഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ നവംബർ 25നാണ് കൃഷിയിടത്തിൽ കിളയ്ക്കുന്നതിനിടയിൽ ഒരു കർഷകന് തിളങ്ങുന്ന ഒരു കല്ല് ലഭിച്ചത്. ഇയാൾ ഇത് അയൽക്കാരോട് പറഞ്ഞു.
പിന്നാലെ സംഗതി വാട്സ്ആപ്പിൽ കൂടെ പ്രചരിച്ചു. ഇതോടെ വജ്രങ്ങൾക്ക് സമാനമായ കല്ലുകളുടെ വൻശേഖരം കണ്ടെത്തിയതായി വാർത്ത പുറത്തുവന്നു. ഇതറിഞ്ഞെത്തിയ ജനക്കൂട്ടം സ്ഥലം കുഴിച്ച് കല്ലുകൾ വാരിക്കൂട്ടി. ചിലർ വലിയ ചാക്കുകളുമായെത്തിയാണ് കല്ലുകൾ ശേഖരിച്ചത്.
ജനം കൂട്ടത്തോടെയെത്തി സ്ഥലം കുഴിച്ച് നോക്കുന്നതിന്റെയും കല്ലുകൾ പെറുക്കിയെടുക്കുന്നതും വീഡിയോകൾ പുറത്തുവന്നിരുന്നു.
കുഴിച്ചു നോക്കിയവർക്കെല്ലാം തിളങ്ങുന്ന കല്ലുകൾ കിട്ടിയതോടെ സംഭവം ജനശ്രദ്ധനേടുകയായിരുന്നു.
ഇതിനിടെ പലരും തങ്ങൾക്കു കിട്ടിയ കല്ലുകൾ വജ്രമെന്ന വിശ്വാസത്തിൽ വിൽക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ ആസം റൈഫിൾസിലെ ഉദ്യോഗസ്ഥർ തിളക്കമുള്ള കല്ലുകൾ വജ്രമല്ലെന്നും വിലകുറഞ്ഞ കല്ലുകളാണെന്നും കണ്ടെത്തി.
ഏതായാലും പണച്ചെലവില്ലാതെ പറന്പ് ഉഴുതു മറിച്ചു കിട്ടിയ സന്തോഷത്തിലാണ് കർഷകനെന്നാണ് റിപ്പോർട്ട്.