ഏറ്റവും കൂടുതൽ വജ്രം ഉപയോഗിച്ച് ആഭരണം നിർമിച്ചതിന്റെ ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി ഇന്ത്യക്കാരൻ. ജ്വല്ലറി ഉടമയും ജ്വല്ലറി ഡിസൈനറുമായ ഹർഷിത് ബൻസാലാണ് റിക്കാർഡിനുടമ. 12,638 ചെറുവജ്രങ്ങൾ ഉപയോഗിച്ചാണ് ജമന്തിപ്പൂവിന്റെ മാതൃകയിൽ മോതിരം നിർമിച്ചിരിക്കുന്നത്.
165 ഗ്രാമാണ് മോതിരത്തിന് (5.8 ഔൺസ്) ഭാരം. ‘സൗഭാഗ്യത്തിന്റെ മോതിരം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വിരലിൽ അണിയാവുന്ന വിധത്തിലാണ് മോതിരത്തിന്റെ നിർമാണം.
2018ൽ സൂറത്തിൽ ആദ്യത്തെ ജ്വല്ലറി തുറക്കുന്ന അവസരത്തിലാണ് 6690 വജ്രം ഉപയോഗിച്ച് നിർമിച്ച മോതിരത്തിന്റെ റിക്കാർഡ് ശ്രദ്ധയിൽപ്പെടുന്നത്.
ഇതോടെയാണ് പതിനായിരത്തിലധികം വജ്രമുപയോഗിച്ചുള്ള ആഭരണം നിർമിക്കുകയെന്ന ആഗ്രഹം ബൻസാലിന്റെ മനസിൽ കടന്നത്. 2018ൽ മോതിരം നിർമിക്കാൻ ആരംഭിച്ചു. 2020 ഫെബ്രുവരിയിലാണ് നിർമാണം പൂർത്തിയായത്.
ഒരോ വജ്രവും പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് തെരഞ്ഞെടുത്തത്. ഏറ്റവും മികച്ച വജ്രങ്ങളാണ് മോതിരം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ബൽസാൽ പറയുന്നത്. അതുകൊണ്ടുതന്നെ മോതിരം എന്തു വിലനൽകിയും സ്വന്തമാക്കാൻ ആവശ്യക്കാർ എത്തുന്നുണ്ട്.
പക്ഷെ മോതിരം വിൽക്കേണ്ടെന്നാണ് ബൻസാലിന്റെ തീരുമാനം.അതുകൊണ്ട് ഇതിന്റെ വിലയെത്രയാണെന്ന കാര്യവവും ബൻസാൽ പുറത്തുവിട്ടിട്ടില്ല. വിലമതിക്കാനാവാത്ത ഒന്നാണിതെന്നാണ് ബൻസാലിന്റെ പക്ഷം.
ഏറ്റവുമധികം വജ്രങ്ങളുപയോഗിച്ച് ആഭരണം നിർമിച്ചതിന്റെ നിലവിലെ ഗിന്നസ് റിക്കാർഡും ഇന്ത്യക്കാരനാണ്. 7801 വജ്രങ്ങളുപയോഗിച്ച് ഹൈദബാദ് സ്വദേശി കോട്ടി ശ്രീകാന്താണ് ആഭരണം നിർമിച്ചത്.