“നിനക്ക് ഈ ലോകത്തു എന്തിനേക്കാളും ഇഷ്ട്ടം ഈ മാലയോടാണോ”..? ലാൽജോസിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രം ഡയമണ്ട് നെക്ലേസിലെ ക്ലൈമാക്സ് രംഗത്തിലെ ഡയലോഗ് ആണിത്.
നായകനിൽ നിന്ന് അപ്രതീക്ഷിതമായി ഈ ഡയലോഗ് കേൾക്കുന്ന നായിക അനുശ്രീ ഉടൻതന്നെ തന്റെ കഴുത്തിൽ കിടന്ന ഡയമണ്ട് നെക്ലേസ് ഊരി കടലിലേക്ക് എറിഞ്ഞു. മനപൂർവം അത്രയും വിലയുള്ള മാല കടലിലെറിഞ്ഞ നായികയെ സിനിമയിലൂടെ നമുക്കറിയാം.
എന്നാൽ അത്രയും വിലപിടിപ്പുള്ള മാല യഥാർഥ്യത്തിൽ എറിഞ്ഞാലുള്ള അവസ്ഥ ഉണ്ടായാലോ? അത്തരത്തിൽ ഒരു സംഭവത്തിന്റെ വാർത്തയാണ് ചെന്നൈയിൽ നിന്ന് പുറത്ത് വരുന്നത്.
ദേവരാജ് എന്ന ചെന്നൈ സ്വദേശി അബദ്ധത്തിൽ മുനിസിപ്പാലിറ്റിയുടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് അഞ്ച് ലക്ഷം രൂപ വിലയുള്ള ഡയമണ്ട് നെക്ലേസാണ്. വിലകൊണ്ട് മാത്രമല്ല അതിനു വലിപ്പമുണ്ടാകുന്നത്, ദേവരാജന്റെ മകൾക്ക് അദ്ദേഹത്തിന്റെ അമ്മ വിവാഹത്തിന് അണിയുന്നതിനു വേണ്ടി കൊടുത്ത മാല ആയിരുന്നു അത്.
നെക്ലേസിന്റെ വിലയും പ്രാധാന്യവും മനസിലാക്കിയ ഉടനെ തന്നെ ഇയാൾ മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിച്ചു. ചെന്നൈ കോർപ്പറേഷനിലെ മാലിന്യ സംസ്കരണം കരാറെടുത്ത മാലിന്യ സംസ്കരണ കമ്പനി ഉർബസർ സുമീതിന്റെ ഡ്രൈവർ ജെ. ആന്റണിസാമിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മാല കണ്ടെത്തി. പിന്നീട് അത് സുരക്ഷിതമായി ഉടമയെ തിരികെ ഏൽപ്പിക്കുകയും ചെയ്തു.