കൊച്ചി: ജോലിക്കു നിന്നിരുന്ന വീട്ടില്‍നിന്ന് എട്ടു ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി മഗ്ദലിന്‍ സെബാസ്റ്റ്യന്‍ (23) നെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്, പ്രിന്‍സിപ്പല്‍ എസ്ഐ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കളമശേരി കെയര്‍ മാര്‍ക്ക് എന്ന ഏജന്‍സി വഴി കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് ഇവര്‍ എളമക്കരയിലെ വീട്ടില്‍ കിടപ്പുരോഗിയായ വൃദ്ധയെ നോക്കാനായി എത്തിയത്. ബംഗളൂരുവില്‍ സംഗീതാധ്യാപികയായ മകളാണ് അമ്മയെ നോക്കാനായി ഹോം നഴ്സിനെ ഏര്‍പ്പാടാക്കിയത്. ഓഗസ്റ്റ് അഞ്ചിനാണ് മകള്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലെത്തിയത്.
ഈ സമയം ബാഗില്‍ ഡയമണ്ട് നെക്ലേസ് ഉണ്ടായിരുന്നു. ഹോം നഴ്സ് വീട്ടിലെത്തി കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ് നെക്ലേസ് നഷ്ടമായ വിവരം അധ്യാപിക അറിഞ്ഞത്. ഹോം നഴ്സിനോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും താന്‍ എടുത്തിട്ടില്ലെന്ന മറുപടി കിട്ടിയതോടെ വീണ്ടും ബംഗളൂരുവിലെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും ആഭരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒക്ടോബര്‍ നാലിന് മഗ്ദലിന്‍ ഈ വീട്ടിലെ ജോലി മതിയാക്കി പോയിരുന്നു. ഇതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനാലാണ് കഴിഞ്ഞ ദിവസം എളമക്കര പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ മഗ്ദലിന്‍ ഏറെ നേരം പിടിച്ചു നില്ക്കാനായില്ല. തുടര്‍ന്നാണ് താന്‍ ഡയമണ്ട് നെക്ലേസ് മോഷ്ടിച്ചെന്നും അത് നഗരത്തിലെ പ്രമുഖ സ്വര്‍ണക്കടയില്‍ വിറ്റ് പത്ത് ഗ്രാമിന്റെ മാല, 12 ഗ്രാമിന്റെ രണ്ട് വള, ഒരു പവന്റെ പാദസരം തുടങ്ങി വിവിധ തരത്തിലുള്ള ആഭരണങ്ങള്‍ വാങ്ങിയെന്നും പ്രതി സമ്മതിച്ചു. മിച്ചം വന്ന പണം ഇവരുടെ സുഹൃത്തുക്കള്‍ക്ക് കൈമാറിയതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.